കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണന ഹൈക്കോടതി നാളത്തേക്ക് മാറ്റി

ന്യുഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഡല്‍ഹി പോലീസ് എതിര്‍ത്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്. കനയ്യ കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങ് നടന്ന സ്ഥലത്ത് കനയ്യ കുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം രാജ്യവിരുദ്ധമായ മുദ്രാവാക്യം വിളിച്ചുവെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യാപേക്ഷ നാളെ വരെ പരിഗണിക്കരുതെന്നും പോലീസ് ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയില്‍ കോടതി പോലീസിന്റെ മറുപടി തേടിയിട്ടുണ്ട്.

ടെലിവിഷന്‍ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് പോലീസ് കനയ്യ കുമാറിനെതിരെ തെളിവ് കണ്ടെത്തിയിരിക്കുന്നതെന്ന് സൂചനയുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുമ്പോള്‍ കനയ്യ കുമാര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി മൊഴികളുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങളാണ് കനയ്യ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
കേസില്‍ ജാമ്യം തേടി കനയ്യ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും കീഴ്കോടതികളെ സമീപിക്കാനായിരുന്നു നിര്‍ദേശം.

Share this news

Leave a Reply

%d bloggers like this: