യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതുസംബന്ധിച്ച് ബ്രിട്ടീഷ് ഹൗസില്‍ വാക്കുതര്‍ക്കം

 

യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നത് സംബന്ധിച്ച് ബ്രിട്ടണിന്റെ ഹൌസ് ഓഫ് കോമണ്‍സില്‍ കടുത്ത വാക്ക്‌പോര്. കാമറണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവും ലണ്ടണ്‍ മേയറുമായ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടണ്‍ യൂറോപ്പ്യന്‍ യൂണിയന്‍ വിടണമെന്ന നിലപാടില്‍ ഉറച്ചുനിന്നു.പ്രതിപക്ഷ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബൈന്‍ കാമറണ് പിന്തുണയറിയിച്ച് രംഗത്തെത്തി.അഭയാര്‍ഥി പ്രശ്‌നം നേരിടുന്നതില്‍ ബ്രിട്ടണിന്റെ സഹകരണം ഉറപ്പാക്കിയ ബ്രസല്‍സിലെ യോഗത്തിന് തൊട്ടടുത്ത ദിവസമാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ബോറിസ് ജോണ്‍സണ്‍ തുറന്നടിച്ചത്. യൂണിയന്‍ വിടാനുള്ള തീരുമാനം ഭാവിയില്‍ ബ്രിട്ടണ് തിരിച്ചടിയാകുമെന്നും അഭയാര്‍ഥി പ്രശ്‌നത്തില്‍ യൂണിയനെ തീരുമാനം ശിഥിലപ്പെടുത്തുമെന്നും അദ്ദേഹം കാമറണ്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍ തുടരാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ നീക്കത്തിന് സ്വന്തം പാര്‍ട്ടിക്ക് അകത്ത് നിന്നു തന്നെ വിമതസ്വരങ്ങള്‍ ഉയരുകയാണ്. കനത്ത വാക്ക് പോരിനാണ് ഹൌസ് ഓഫ് കോമണ്‍സ് സാക്ഷിയായത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ആഗ്രഹിക്കുന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ മാത്രമാണെന്നും കാമറണ്‍ കുറ്റപ്പെടുത്തി. 2020 ല്‍ നടക്കുന്ന തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് ജോണ്‍സണ്‍ നടത്തുന്നതെന്ന് സൂചിപ്പിച്ച കാമറണ്‍ താന്‍ ഇനി മത്സരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി. എന്നാല്‍ സ്‌കോട് ലാന്റിന്റെ നിലപാടിന് എതിരായി യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടണ്‍ തീരുമാനിക്കുകയാണെങ്കില്‍ രണ്ടാം ഹിതപരിശോധന നേരിടേണ്ടി വരുമെന്ന് സ്‌കോട്ടിഷ് പാര്‍ട്ടി നേതാവ് ആന്‍ഗസ് റോബര്‍ട്‌സണ്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ബ്രിട്ടീഷ് നാണയമായ പൌണ്ടിന്റെ മൂല്യം കൂപ്പുകുത്തി.

Share this news

Leave a Reply

%d bloggers like this: