മോദിക്ക് നാളെ 125 കോടി ജനങ്ങള്‍ നടത്തുന്ന പരീക്ഷ

ന്യൂഡല്‍ഹി: 125 കോടി ജനങ്ങള്‍ നടത്തുന്ന പരീക്ഷ താന്‍ നേരിടുന്ന ദിവസമാണ് നാളെയെന്ന് കേന്ദ്ര ബജറ്റിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥികള്‍ മല്‍സരിക്കേണ്ടത് തങ്ങളോടു തന്നെയാണെന്നും മറ്റുള്ളവരുമായല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തന്റെ പ്രതിവാര റേ!ഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിന്റെ 17 ാം പതിപ്പിലാണ് പരീക്ഷയ്‌ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ മല്‍സരിക്കേണ്ടത് അവനവനോടുതന്നെയാണെന്ന് ഓര്‍മപ്പെടുത്തി പ്രധാനമന്ത്രി രംഗത്തെത്തിയത്.

പ്രതീക്ഷകളുടെ അമിതഭാരം നിമിത്തം സ്വയം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.ലക്ഷ്യം മനസിലുറപ്പിച്ചു കഴിഞ്ഞാല്‍ സമ്മര്‍ദ്ദം കൂടാതെ സ്വതന്ത്രമായ മനസോടെ അതിന് പിന്നാലെ പോവുക. നിങ്ങള്‍ മറ്റുള്ളവരോടല്ല, നിങ്ങളോട് തന്നെ മല്‍സരിക്കുക. പരീക്ഷയെന്നത് നേടുന്ന മാര്‍ക്കുകളുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്നതല്ല. നിങ്ങളുടെ ലക്ഷ്യം നിങ്ങള്‍ തന്നെ നിര്‍വചിക്കുക. പ്രതീക്ഷകളുടെ അമിത ഭാരത്താല്‍ സ്വയം നഷ്ടപ്പെടുത്താതിരിക്കുക മോദി പറഞ്ഞു.

തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ സമയം കണ്ടെത്തിയ വിദ്യാര്‍ഥികളേയും മാതാപിതാക്കളേയും അധ്യാപകരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പരീക്ഷയില്‍ സംഭവിക്കുന്ന കാര്യങ്ങളിലേക്ക് മാത്രമായി ലക്ഷ്യങ്ങളെ ചുരുക്കരുതെന്നും കൂടുതല്‍ വലിയ സ്വപ്നങ്ങള്‍ കാണണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു. ആരോഗ്യകരമായ ദിനചര്യങ്ങള്‍ പാലിക്കുവാനും പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസുണ്ടാവുക. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ദിനചര്യകള്‍ പാലിക്കുക. പ്രത്യേകിച്ചും പരീക്ഷാ കാലത്ത് മോദി പറഞ്ഞു.

പരീക്ഷയ്‌ക്കൊരുക്കമായുള്ള ഈ മാസത്തെ മന്‍ കി ബാത്ത് പ്രഭാഷണത്തില്‍ ക്രിക്കറ്റ് സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ്, ആത്മീയ ഗുരു മുരാരി ബാപ്പു, വിഖ്യാത ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍. റാവു എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ചേര്‍ന്നു. ചിന്തകളെ പോസിറ്റീവായി സൂക്ഷിക്കുന്നിടത്തോളം കാലം ലഭിക്കുന്ന ഫലങ്ങളും പോസിറ്റീവായിരിക്കുമെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞു. ഭാവിയില്‍ നാം നേരിടുന്ന വെല്ലുവിളികള്‍ക്ക് സമാനമാണ് ബോര്‍ഡ് പരീക്ഷകളെന്ന് വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. ചെസ് മല്‍സരം പോലെയാണത്. ശാന്തത പാലിച്ച് ആത്മവിശ്വാസത്തോടെ വെല്ലുവിളികളെ നേരിടുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: