പാകിസ്താനില്‍ ഗവര്‍ണറെ കൊലപ്പെടുത്തിയ പോലീസ് കമാന്‍ഡോയെ തൂക്കിലേറ്റി

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബില്‍ ഗവര്‍ണറെ കൊലപ്പെടുത്തിയ പോലീസ് കമാന്‍ഡോയെ തൂക്കിലേറ്റി. രാജ്യത്തെ മതനിന്ദ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് അഭിപ്രായപ്പെട്ടതിനാണ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ അദ്ദേഹത്തിന്റെ അംഗരക്ഷകനായ മുംതാസ് ഖദ്രി കൊലപ്പെടുത്തിയത്. റാവല്‍പിണ്ടിയിലെ അദൈല ജയിലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.30നാണ് ശിക്ഷ നടപ്പാക്കിയത്.
അതേസമയം, മുംതാസിന്റെ ശിക്ഷ നടപ്പാക്കിയതില്‍ വിവിധ മതസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുംതാസിനെ തൂക്കിലേറ്റിയതായി വാര്‍ത്ത പരന്നതോടെ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. വരുംനാളുകളില്‍ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുമെന്ന് മുംതാസിന്റെ മോചനത്തിനായി വാദിച്ച സുന്നി തഹ്‌റീക് നേതാവ് അജാസ് ഖദ്രി പറഞ്ഞു. മുംതാസിനോടുള്ള ആദരസൂചകമായി സ്‌കൂളുകശൂം കടകളും അടച്ചിടണമെന്ന് ഖദ്രി ആവശ്യപ്പെട്ടു. മിക്കയിടത്തും റോഡുകള്‍ ഉപരോധിച്ചിരിക്കുകയാണ്.
മതനിന്ദ കുറ്റം ചുമത്തിയ ഒരു ക്രിസ്ത്യന്‍ യുവതിയെ പിന്തുണച്ച ഗവര്‍ണര്‍ തസീര്‍ മതനിന്ദ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് പറഞ്ഞിരുന്നു. ഇതില്‍ കോപാകുലനായാത് തസീറിന്റെ സുരക്ഷാഗാര്‍ഡായിരുന്ന മുംതാസ് ഖദ്രി കൊലപ്പെടുത്തുകയായിരുന്നു. 2011 ജനുവരി നാലിനായിരുന്നു സംഭവം.

Share this news

Leave a Reply

%d bloggers like this: