വ്യാജ ഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍

ഡബ്ലിന്‍: ഐറിഷ് ടാക്‌സി ഇന്‍ഡസ്ട്രിയില്‍ വ്യാജ ഡ്രൈവര്‍മാര്‍ പെരുകുകയാണെന്നും പ്രശ്‌നത്തില്‍ ഇടപെടാതെ സര്‍ക്കാര്‍ കൈകഴുകുകയാണെന്നും ട്രാന്‍സ്‌പോര്‍ട്ട് ഗ്രൂപ്പ് ചീഫ് ആരോപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച നടപടികള്‍ വാക്കുകളില്‍ മാത്രമൊതുങ്ങുകയാണെന്ന് അയര്‍ലന്‍ഡിലെ ഏറ്റവും വലിയ ട്രാന്‍സ്‌പോര്‍ട്ട് ഗ്രൂപ്പുകളിലൊന്നിന്റെ മേധാവി. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടാക്‌സികള്‍ ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഡ്രൈവര്‍മാരുടെ പേരും വിലാസവും ലഭിക്കും.

എന്നാല്‍ ഇതില്‍ പലതും വ്യാജമാകാന്‍ സാധ്യതയുണ്ടെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍, ബസ് ഡ്രൈവര്‍മാര്‍, ട്രെയിന്‍ ഡ്രൈവര്‍മാര്‍ എന്നിവരടങ്ങുന്ന ടാക്‌സി മേഖലയിലെ കൂട്ടായ്മയായ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അംസബ്ലിയുടെ ചെയര്‍പേഴ്‌സണ്‍ ടോണി റോ പറയുന്നു. റെഡിമെയ്ഡ് ഐഡി കാര്‍ഡ് ഉപയോഗിച്ച് കംപ്യൂട്ടര്‍ വഴിയോ ഫോണ്‍ വഴിയോ ഇത്തരം സേവനങ്ങള്‍ നല്‍കാനാവും. കഴിഞ്ഞയാഴ്ച വ്യാജ ടാക്‌സി ഡ്രൈവറെ ഡബ്ലിനില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് റോയുടെ ആരോപണം. വ്യാജ ടാക്‌സി ഡിസൈനും സ്റ്റിക്കറും ഉപയോഗിച്ച് സര്‍വീസ് നടത്തിയിരുന്ന ടാക്‌സി ഡ്രൈവര്‍ ഒരു സ്ത്രീ യാത്രക്കാരിയെയും കൊണ്ട് യാത്ര പോകുന്നതിനിടെയാണ് പിടിയിലായത്. ഇയാള്‍ ടാക്‌സ് അടയ്ക്കുകയോ പബ്ലിക് സര്‍വീസ് വെഹിക്കിള്‍ ലൈസന്‍സ് കൈവശമുള്ളയാളോ അല്ലെന്നും വാഹനമോടിക്കുന്നതിന് കോടതി വിലക്കിയിട്ടുള്ളയാളുമാണെന്ന് പോലീസ് കണ്ടെത്തി.

വ്യാജ ടാക്‌സിയാണെന്ന് അറിയാതെയാണ് സ്ത്രീ ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്നത്. വ്യാജ ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി സ്വകരിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്. ഗതാഗത മന്ത്രി പാസ്‌ക്കല്‍ ഡൊണോഹോയുമായി നടന്ന ചര്‍ച്ചയില്‍ തങ്ങള്‍ ഇക്കാര്യമുന്നയിച്ചിരുന്നുവെന്നും റോ പറയുന്നു. ടാക്‌സി ജീവനക്കാരുടയെും പൊതുജനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്കു മേല്‍ കടുത്ത ശിക്ഷ ചുമത്തണം. കുറഞ്ഞത് 12 മാസം ജയില്‍ ശിക്ഷയും പിഴ ശിക്ഷ 10000 യൂറോയായി വര്‍ധിപ്പിക്കുകയും വേണം.

-എജെ-

Share this news

Leave a Reply

%d bloggers like this: