കോഹ്‌ലിയുടെ കരുത്തില്‍ ഇന്ത്യ സെമിയില്‍; ഓസ്‌ട്രേലിയ പുറത്ത്

മൊഹാലി: ഒരിക്കല്‍ക്കൂടി കോഹ്‌ലിയുടെ കരുത്തില്‍ ടീം ഇന്ത്യ സെമിയില്‍ കയറി. ഓസ്‌ട്രേലിയയ്‌ക്കെതിരേ ആറുവിക്കറ്റ് ജയമാണ് ക്യാപ്റ്റന്‍ ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും ബലത്തില്‍ ഇന്ത്യ നേടിയത്.

161 എന്ന പടുകൂറ്റന്‍ സ്‌കോറിനു മുന്നില്‍ മുട്ടുവിറച്ചാണ് ഇന്ത്യ തുടങ്ങിയത്. അടിച്ച് കളിക്കേണ്ട അവസരങ്ങളില്‍ തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് ഇന്ത്യ കളി തുടങ്ങിയതു തന്നെ. നാലാം ഓവറില്‍ കൗള്‍ട്ടര്‍ ധവാന്റെ വിക്കറ്റ് എടുത്തതോടെയാണ് ഇന്ത്യ ഉലഞ്ഞു തുടങ്ങിയത്. ആറാം ഓവറില്‍ വാട്‌സണ്‍ രോഹിത് ശര്‍മയേയും എട്ടാം ഓവറില്‍ റെയ്‌നയേയും പുറത്താക്കിയതോടെ ഇന്ത്യയുടെ വിധി ഏതാണ്ട് എഴുതപ്പെട്ട് തുടങ്ങിയിരുന്നു.

മൂന്നാം വിക്കറ്റിനു ശേഷം യുവ്‌രാജും കോഹ്‌ലിയും ചേര്‍ന്നതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും നാമ്പു മുളച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടു വിക്കറ്റ് മാത്രമല്ല 21 റണ്‍സും യുവി അടിച്ചു കൂട്ടി. എന്നാല്‍ പതിന്നാലാം ഓവറില്‍ വാട്‌സന്റെ പന്തില്‍ അനായാസ ക്യാച്ച് വഴങ്ങി യുവ്‌രാജും ഗ്യാലറിയിലേക്ക് മടങ്ങി. കോഹ്‌ലിയ്‌ക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കാന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ശ്രമങ്ങള്‍ അവിടെ നിന്നാണ് തുടങ്ങിയത്.

അവസരത്തിനൊത്തുയര്‍ന്ന കോലിയ്ക്ക് പിന്തുണ നല്‍കാന്‍ ധോണിയുമെത്തിയതോടെ കളിയുടെ ഗതി മാറുന്ന കാഴ്ച്ചയാണ് കണ്ടത്. ധോണി കോഹ്‌ലി കൂട്ടുകെട്ടില്‍ ബൗണ്ടറികളുടെ ഒഴുക്കായിരുന്നു. കൈവിട്ടു പോയി എന്നു തോന്നിച്ച കളി മെല്ലെ ട്രാക്കിലേക്കെത്തിച്ചത് ഈ കൂട്ടു കെട്ട് തന്നെയാണ്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ മൊഹാലിയിലെ ബാറ്റിങ്ങിനനുകൂലമായ പിച്ച് ശരിയാം വിധം ഉപയോഗപ്പെടുത്തി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങില്‍ ഇന്ത്യ അവശതയോടെ ഇഴയുന്ന കാഴ്ച്ചയാണ് കാണാനായത്. എന്നാല്‍ അവസാനം വരെ മികച്ച ഫോമില്‍ തുടര്‍ന്ന കോഹ്‌ലി തന്നെയാണ് ഇന്ത്യയെ തിരികെ മത്സരത്തിലേക്കെത്തിച്ചത്. പുറത്താകാതെ 51 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയ കോഹ്‌ലി തന്നെയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. തോല്‍വിയോടെ ഓസ്‌ട്രേലിയ ലോകകപ്പില്‍ നിന്നു പുറത്തായി. സെമിയില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെയാണു നേരിടുക. ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും തമ്മിലാണ് മറ്റൊരു സെമി.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: