വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ടിഎന്‍ പ്രതാപന്‍

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ടിഎന്‍ പ്രതാപന്‍. കയ്പമംഗലം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പ്രതാപന്‍ എഴുതിയ കത്ത് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന. തെരഞ്ഞെടുപ്പുകളില്‍ മൂന്നും നാലും തവണ മത്സരിച്ചവര്‍ക്ക് താന്‍ മാതൃകയാകുന്നുവെന്ന് സൂചിപ്പിച്ചാണ് ടിഎന്‍ പ്രതാപന് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത്. തീരുമാനം താന്‍ മുഖ്യമന്ത്രിയേയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനേയും അറിയിച്ചിട്ടുണ്ടെന്നും പ്രതാപന്‍ പറഞ്ഞു.നേരത്തെ ഹൈക്കമാന്‍ഡിന്റെ ആവശ്യപ്രകാരമാണ് താന്‍ കയ്പ്പമംഗലത്ത് മത്സരിക്കുന്നതെന്ന് പ്രതാപന്‍ പറഞ്ഞിരുന്നു.

അതേസമയം കയ്പമംഗലം സീറ്റിനായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് താന്‍ കത്തയച്ചിട്ടില്ലെന്ന് ടിഎന്‍ പ്രതാപന്‍ പ്രതികരിച്ചു. കത്തെന്ന കള്ള പ്രചാരണത്തിന് പിന്നില്‍ ആരെന്ന് ജനങ്ങള്‍ക്കറിയാമെന്ന് ടിഎന്‍ പ്രതാപന്‍ സൂചിപ്പിച്ചു. ഡീനിന്റെ വാര്‍ത്താക്കുറിപ്പിന് പിന്നില്‍ ആരെന്നും ജനങ്ങള്‍ക്കറിയാം.

തനിക്കെതിരായ ഉയര്‍ന്നു വന്ന പിതൃശൂന്യവാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. എന്നാല്‍ അതിന് പിന്നാലെ വന്ന പ്രസ്താവനകള്‍ക്ക് പിതൃത്വം ഉണ്ടെന്ന് പ്രതാപന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടി ക്യാമ്പിനെതിരെ ആഞ്ഞടിച്ചാണ് പ്രതാപന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. വി എം സുധീരനെ പോരാട്ടത്തില്‍ നിന്ന് പിന്‍മാറ്റാനാകില്ലെന്ന് പറഞ്ഞ പ്രതാപന്‍, എസ്റ്റേറേറ് തമ്പുരാക്കന്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: