ഡോക്ടറും നേഴ്‌സും ട്വന്റി20 ലോകകപ്പ് സെമികാണാന്‍പോയെന്ന് ആരോപണം…രോഗി മരിച്ചു

ആഗ്ര: ഡോക്ടറും നേഴ്‌സും ട്വന്റി20 ലോകകപ്പ് സെമിഫൈനല്‍ കാണാന്‍ പോയതോടെ ചികിത്സ കിട്ടാതെ രോഗി മരിച്ചു. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്ക് പറ്റിയ 30കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ത്യവെസ്റ്റിന്‍ഡീസ് സെമി ഫൈനല്‍ കാണാനായി ഡോക്ടറും നെഴ്‌സും പോയതോടെ രോഗി ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു.

ആഗ്രയിലെ മതുരയിലാണ് സംഭവം. സോനു(30) എന്ന യുവാവാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ചീഫ് മെഡിക്കല്‍ സൂപ്പറിന്‍ഡെന്റ് ഡോ. കെ.പി ഗാര്‍ജിന്റെ നേതൃത്വത്തില്‍ പ്രാരംഭ അന്വേഷണം നടത്തി. ഡ്യൂട്ടി ഡോക്ടറിന്റെയും നെഴ്‌സിന്റെയും ഉത്തരവാദിത്വം ഇല്ലായ്മായണ് രോഗി മരിക്കാന്‍ കാരണമെന്ന് ഗര്‍ജ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. മാത്രമല്ല ഈ ഡോക്ടര്‍ക്കും നെഴ്‌സിനുമെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്ക് പറ്റിയ സോനുവിനെ വൈകുന്നേരം 3.30ഓടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരുക്കുകള്‍ വളരെ ഗുരുതരമായിരുന്നിട്ടും സോനുവിനെ ചികിത്സിക്കാന്‍ ഡോക്ടര്‍ എത്തിയതേ ഇല്ലെന്ന് സോനുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. മൂന്ന് മണിക്കൂറിന് ശേഷം സോനുവിനെ വാര്‍ഡിലേക്ക് മാറ്റി. അവിടെ വച്ച് ട്രിപ്പിട്ടതല്ലാതെ യാതൊരു ചികിത്സയും സോനുവിന് ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഡ്യൂട്ടി ഡോക്ടര്‍ സുശീല്‍ കുമാര്‍ രാത്രി എട്ട് മണിക്കാണ് എത്തിയത്. എന്നാല്‍ സോനുവിനെ ചികിത്സിക്കാന്‍ തയ്യാറാകാതെ ട്രിപ്പിട്ട ശേഷം ഇയാളും നേഴ്‌സും കൂടി ഇന്ത്യവെസ്റ്റിന്‍ഡീസ് സെമി ഫൈനല്‍ കാണാന്‍ പോവുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം വേണ്ടത്ര സൗകര്യം ഇല്ലാത്തത് കൊണ്ട് ആഗ്രയിലെ മറ്റൊരു ആശുപത്രിയില്‍ സോനുവിനെ കൊണ്ടു പോകാന്‍ തങ്ങള്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ ബന്ധുക്കള്‍ ഇത് ചെയ്തില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: