യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്

ന്യൂഡല്‍ഹി; യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയതായി കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ)വക്താവ് അറിയിച്ചു. സിബിസിഐയുടെ അഞ്ചു പ്രതിനിധികള്‍ മന്ത്രിയെ സന്ദര്‍ശിച്ചിരുന്നുവെന്നും ഫാദര്‍ ടോം ജീവിച്ചിരിപ്പില്ലെന്ന് എന്ന് പ്രചരിക്കുന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയതായി സംഘടന അറിയിച്ചു. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറവിടാനാകില്ലെന്നും ഫാദറിനെ മോചിപ്പിക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും മന്ത്രി പ്രതിനിധികളോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

പാലാ സ്വദേശിയായ ടോം ഉഴുന്നാലിനെയാണ് യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. തെക്കന്‍ യമനിലെ ഏദനില്‍വെച്ചാണ് ഫാദറിനെ കാണാതാകുന്നത്. മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനത്തിലായിരുന്നു ഫാദര്‍ ടോം. യെമന്‍ സര്‍ക്കാരിന്റെ താത്പര്യപ്രകാരമായിരുന്നു ഫാദര്‍ ടോം അവിടെ ജോലിക്കെത്തിയത്. മാര്‍ച്ച് നാലിന് ആയുധധാരികളായെത്തിയ ഭീകരര്‍ 16ഓളം പേരെ കൊലപ്പെടുത്തിയ ശേഷം ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഫാദര്‍ ടോം ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.

ഐഎസ് ഭീകരരാണ് തട്ടിക്കൊണ്ടുപോയതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞതായി അറിയാമെന്ന് ഫാദര്‍ ടോമിന്റെ സഹോദരന്‍ മാത്യു പറഞ്ഞു.ഫാദര്‍ ടോമിനെ ഐഎസ് ഭീകരര്‍ കുരിശില്‍ തറയ്ക്കുമെന്ന വാര്‍ത്തകള്‍ നവ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് കുരുശില്‍ തറച്ചു കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Share this news

Leave a Reply

%d bloggers like this: