ജിഷ വധം: കൊലയാളിയെ നേരില്‍ കണ്ട രണ്ട് സ്ത്രീകളുടെ മൊഴിയില്‍ പ്രതീക്ഷയര്‍പ്പിച്ച് പോലീസ്

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ കൊലയാളിയെ നേരില്‍ കണ്ടതായി സംശയിക്കുന്ന രണ്ടു സ്ത്രീകളുടെ മൊഴിയില്‍ പ്രതീക്ഷിച്ചു പോലീസ്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പോയ വഴിയിലെ വീടുകളിലെ സ്ത്രീകള്‍ ഇയാളെ കണ്ടതായി പോലീസ് സംശയിക്കുന്നു. കൊലയാളിയെ നേരില്‍ കണ്ട സ്ത്രീകളെ ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാമെന്നും പോലീസ് അനുമാനിക്കുന്നു. ഭീതിമൂലവും അറിയാവുന്ന ആളായതിനാലുമാകാം ഇവര്‍ ഇക്കാര്യം പോലീസിനോടു വെളിപ്പെടുത്താന്‍ മടിക്കുന്നതെന്നാണു പോലീസ് സംശയിക്കുന്നത്. ജിഷയുടെ അയല്‍ക്കാരായ രണ്ടു സ്ത്രീകളാണു പ്രതിയെ കണ്ടു എന്നു പോലീസ് കരുതുന്നത്. എന്നാല്‍, അവര്‍ ഇതുവരെ ഇക്കാര്യം പോലീസിനോടു തുറന്നു പറഞ്ഞിട്ടില്ല.

നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച അയല്‍വാസിയെ വീണ്ടും വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ജിഷയുടെ വീടിനു സമീപത്തു താമസിക്കുന്ന ഓട്ടോ ഡ്രൈവറെയാണ് വ്യാഴാഴ്ച ഉച്ചയോടെ അന്വേഷണസംഘം വീണ്ടും കസ്റ്റഡിയില്‍ എടുത്തത്. ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മണംപിടിച്ച പൊലീസ് നായ കടന്നുപോയ വഴിയും ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ കാരണമായി. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്ത 15 പേരില്‍ ഉള്‍പ്പെട്ടയാളാണ് ഓട്ടോക്കാരന്‍. അര്‍ധരാത്രിയോടെ ബന്ധുക്കള്‍ക്കൊപ്പം ഇയാളെ വിട്ടയച്ചു.

അതേസമയം എന്തുകൊണ്ടാണു രാജേശ്വരി ഇയാളെ സംശയിക്കുന്നതെന്ന കാര്യം അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. സമീപവാസികളുടെ വിരലടയാളം ശേഖരിക്കുന്ന നടപടി വ്യാഴാഴ്ചയും തുടര്‍ന്നു. ഇതിനകം മുന്നൂറിലധികം പേരുടെ വിരലടയാളം ശേഖരിച്ചു. ഇതോടൊപ്പം തന്നെ പല്ലുകളും പരിശോധിക്കുന്നുണ്ട്.

അതിനിടെ വോട്ടെടുപ്പ് അടുത്തതോടെ പോലീസ് കസ്റ്റഡിയിലുള്ള നാലുപേരെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് നീക്കം നടക്കുന്നുണ്ട്. ഇന്നോ നാളെയോ നടപടി ഉണ്ടാകും എന്നാണു സൂചന.

Share this news

Leave a Reply

%d bloggers like this: