സെന്‍സസ് ഫോം ശേഖരിക്കാന്‍ ഈ ആഴ്ച വീണ്ടും ഉദ്യോഗസ്ഥര്‍ എത്തും; എല്ലാവരും ഫോം നല്‍കണമെന്ന് സിഎസ്ഒ

ഡബ്ലിന്‍: രാജ്യത്ത് 13 ശതമാനത്തോളം കുടുംബങ്ങള്‍ ഇനിയും സെന്‍സസ് ഫോമുകള്‍ തിരിച്ചു നല്‍കിയിട്ടില്ലെന്ന് സിഎസ്ഒ. എത്രയും പെട്ടെന്ന് സെന്‍സസ് ഫോമുകള്‍ തിരിച്ച് നല്‍കണമെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) അറിയിച്ചു. ഫോമുകള്‍ ശേഖരിക്കാന്‍ നടന്ന് മടുത്ത ആയിരത്തോളം വരുന്ന ഉദ്യോഗസ്ഥര്‍ ഈ ആഴ്ച ഫോമുകള്‍ തിരിച്ചു നല്‍കാത്ത വീടുകളില്‍ എത്തുമെന്നും എല്ലാവരും ഫോം നല്‍കണമെന്നും സിഎസ്ഒ അറിയിച്ചു.

” സെന്‍സസ് ഫോമുകള്‍ ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ നടക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്ന് ആഴ്ചയായി. എല്ലാവരും അവരവരുടെ ഫോമുകള്‍ സുരക്ഷിതമാക്കി വെക്കണം. ഉദ്യോഗസ്ഥര്‍ എത്തുന്ന ഏത് നിമിഷവും ഫോമുകള്‍ തിരികെ നല്‍കാന്‍ തയ്യാറാക്കിവെക്കണം”സിഎസ്ഒ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡെയ്ഡര്‍ കുല്ലന്‍ പറഞ്ഞു. മിക്കവരും വീട്ടില്‍ ഉണ്ടായിരിക്കുമെന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സെന്‍സസ് ശേഖരണം നടക്കുക. എന്നാല്‍ അന്നേ ദിവസങ്ങളില്‍ പുറത്തുപോവുകയാണെങ്കില്‍ നിങ്ങള്‍ക്കായി ഒരു ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ സഹിതമുള്ള കോളിംഗ് കാര്‍ഡ് വീടുകളില്‍ വെക്കും. ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ച് നിങ്ങളുടെ സൗകര്യപ്രദമായ സമയം പറഞ്ഞ് ഫോമുകള്‍ തിരികെ നല്‍കണമെന്നും കുല്ലന്‍ പറഞ്ഞു. ഇപ്പോഴും ഫോമുകള്‍ പൂരിപ്പിക്കാത്തവര്‍ക്ക് ഇനിയും സമയമുണ്ടെന്നും സിഎസ്ഒ വ്യക്തമാക്കി. ഫോമുകള്‍ നഷ്ടമായവര്‍ സിഎസ്ഒ യില്‍ അറിയിക്കണം.

നിലവില്‍ 87 ശതമാനം ഫോമുകള്‍ ശേഖരിച്ചുകഴിഞ്ഞു. ഫോമുകള്‍ ശേഖരണം കഴിഞ്ഞാല്‍ ഡാറ്റയുടെ വിശകലനം ആരംഭിക്കും. പ്രാഥമിക ഫലം ജൂലൈയില്‍ പുറത്തുവിടും. അടുത്ത മാര്‍ച്ചോട് കൂടി പൂര്‍ണമായ ഫലവും പുറത്തുവിടും.

-എജെ-

Share this news

Leave a Reply

%d bloggers like this: