മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ഹാന്‍ കാങിന്

ലണ്ടന്‍: 2016ലെ മികച്ച വിവര്‍ത്തക പുസ്തകത്തിനുള്ള മാന്‍ ബുക്കര്‍ പുരസ്‌കാരം തെക്കന്‍ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് ലഭിച്ചു. ‘ദ വെജിറ്റേറിയന്‍’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പുസ്തകത്തിന്റെ വിവര്‍ത്തക ബ്രീട്ടീഷുകാരിയായ ഡിബോറ സ്മിത്തുമായി ഹാങ് പുരസ്‌കാരം പങ്കിടും. പ്രശസ്ത എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക് അടക്കം 155 പേരെ മറികടന്നാണ് ഇവര്‍ പുരസ്‌കാരം നേടിയത്.

മാന്‍ ബുക്കര്‍ പ്രൈസിന് വേണ്ടി നാമനിര്‍ദേശം െചയ്യപ്പെടുന്നതും ലഭിക്കുന്നതുമായ ആദ്യ കൊറിയന്‍ എഴുത്തുകാരിയാണ് ഹാന്‍ കാങ്. ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് ലഭിക്കുന്ന എഴുത്തുകാരിയായി മാറി ഹാങ് കാങ്.

മാംസാഹാരിയായ കൊറിയന്‍ വീട്ടമ്മയുടെ സസ്യഭുക്കാകാനുള്ള വിപ്‌ളവകരമായ തീരുമാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ് നോവലിന്റെ ഇതിവൃത്തം. പരമ്പരാഗത ശീലങ്ങളില്‍ നിന്ന് മാറാന്‍ തയാറായ സ്ത്രീയുടെ ജീവിതം നോവല്‍ മനോഹരമായി ചിത്രീകരിച്ചെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.

സോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് 45കാരിയായ ഹാന്‍. കൊറിയന്‍ ഭാഷയില്‍ അനേകം നോവലുകള്‍ എഴുതിയ ഹാങിന്റൈ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ആദ്യത്തെ നോവലാണ് ദ വെജിറ്റേറിയന്‍. സാങ് ലിറ്റററി പ്രൈസ്, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഡിബോറ സ്മിത്താണ് നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത്. നോവലിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ് വിവര്‍ത്തനം നടത്തിയിരിക്കുന്നതെന്നും പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. ഏഴുവര്‍ഷങ്ങള്‍ക്ക മുന്‍പ് മാത്രം കൊറിയന്‍ ഭാഷ പഠിച്ച സ്മിത്ത് തന്നെയാണ് ‘ദി വെജിറ്റേറിയന്‍’ വിവര്‍ത്തനം ചെയ്യാമെന്ന ആശയം മുന്നോട്ട് വെച്ചത്. ഹാങിന്റെ രണ്ടാമത്തെ നോവലായ ‘ഹ്യുമന്‍ ആക്ട്‌സ് പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സ്മിത്ത്. ബുക്കര്‍ സമ്മാനത്തുകയായ 50,000 പൗണ്ട് എഴുത്തുകാരിയും വിവര്‍ത്തകയും ചേര്‍ന്ന് പങ്കിടും.

Share this news

Leave a Reply

%d bloggers like this: