യെച്ചൂരിക്കും രാഹുലിനും ഇന്നത്തെ ഫലം നിര്‍ണ്ണായകം

 

ന്യൂഡല്‍ഹി: പിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഇന്നു വരാന്‍ പോകുന്ന ഫലം ഏറെ നിര്‍ണ്ണായകമാണ്. കോണ്‍ഗ്രസ് സഖ്യതീരുമാനം പാര്‍ട്ടിക്കുള്ളില്‍ വിശദീകരിക്കണമെങ്കില്‍ ബംഗാളില്‍ കഴിഞ്ഞതവണത്തെക്കാള്‍ നിലമെച്ചപ്പെടുത്തുകയെങ്കിലും വേണം.

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്, മമതാ പക്ഷത്തേക്ക് തിരിയുന്നത് ഒഴിവാക്കിയത് സീതാറാം യെച്ചൂരിയും രാഹുല്‍ ഗാന്ധിയും ദില്ലിയില്‍ നടത്തിയ സംഭാഷണങ്ങളെ തുടര്‍ന്നാണ്. സിപിഎം കേന്ദ്രകമ്മിറ്റിയുടെ പൊതു നിര്‍ദ്ദേശത്തിനപ്പുറത്തേക്ക് ഈ സഖ്യം തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വളര്‍ന്നു. ജനങ്ങള്‍ സഖ്യം ഏറ്റെടുക്കുകയും ഇത് തരംഗമാകുകയും ചെയ്തു എന്നാണ് ബംഗാള്‍ നേതാക്കളുടെ വിശദീകരണം. പശ്ചിമബംഗാളില്‍ വലിയ തിരിച്ചടിയേറ്റാല്‍ സിപിഎം പിബിയില്‍ സീതാറാം യെച്ചൂരിക്കെതിരെ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കരുനീക്കം നടത്തും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2004ലെ ബിജെപി വിരുദ്ധ കോണ്‍ഗ്രസ് അനുകൂല ഫോര്‍മുലയുമായി നീങ്ങാനുള്ള യെച്ചൂരിയുടെ തീരുമാനത്തിന് എതിര്‍പക്ഷം തടയിടും. യെച്ചൂരിയെ മാറ്റണമെന്ന ആവശ്യം പോലും ഉയരാനുള്ള സാധ്യതയും തള്ളാനാവില്ല.

എന്നാല്‍ ബംഗാളിലെ വിജയം സീതാറാം യെച്ചൂരിയെ കരുത്തനാക്കും. കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പോലും യെച്ചൂരിയുടെ വാക്കുകള്‍ക്ക് പിന്തുണ കിട്ടും. അസമിലും കേരളത്തിലും തോറ്റാല്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നീക്കം കോണ്‍ഗ്രസില്‍ വീണ്ടും ശക്തമാകും. പ്രിയങ്കാ ഗാന്ധിയെ കൊണ്ടുവരണം എന്ന മുറവിളി വീണ്ടും ഉയരും. അടുത്ത ലോക്‌സഭാ തെരഞ്!ഞെടുപ്പില്‍ രാഹുല്‍ നേതൃത്വം നല്കുന്ന സഖ്യത്തിനോ മുന്നണിക്കോ ഉള്ള സാധ്യത ഇടിയും. പരാജയമാണെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ കലാപമുയരുന്നത് നേരിടാന്‍ രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Share this news

Leave a Reply

%d bloggers like this: