ഇതുവരെ തോറ്റത് നാലു മന്ത്രിമാരും സ്പീക്കറും

തിരുവനന്തപുരം: വികസനവാദവും അഴിമതിയാരോപണവും തമ്മില്‍ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് എത്തുമ്പോള്‍ തോറ്റ പ്രമുഖരില്‍ നാലു മന്ത്രിമാരും സ്പീക്കറും. മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി, കൂത്തുപറമ്പില്‍ കെ പി മോഹനന്‍, തൃപ്പൂണിത്തുറയില്‍ കെ ബാബു, ചവറയില്‍ മന്ത്രി ഷിബുബേബിജോണും പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ശക്തന് അടിപതറിയത് കാട്ടാക്കടയിലാണ്.

മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പികെ ജയലക്ഷ്മിയെ സിപിഎം സ്ഥാനാര്‍ത്ഥി ഒ ആര്‍ കേളുവാണ് തോല്‍പ്പിച്ചത്. കൂത്തുപറമ്പില്‍ മത്സരിച്ച കെ.പി. മോഹനന് സിപിഎമ്മിന്റെ കെ.കെ. ഷൈലജയില്‍ നിന്നുമായിരുന്നു തിരിച്ചടി നേരിടേണ്ടി വന്നത്. 11689 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഷൈലജ മോഹനനെ പരാജയപ്പെടുത്തിയത്. ചവറയില്‍ മന്ത്രി ഷിബു ബേബിജോണിനെതിരേ സിഎംപിയുടെ എന്‍ വിജയന്‍പിള്ള തകര്‍പ്പന്‍ ജയം നേടി. 6,189 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി.
സ്പീക്കര്‍ ശക്തന്‍ കാട്ടാക്കടയില്‍ സിപിഎമ്മിന്റെ യുവനേതാവ് ഐ ബി സതീഷില്‍ നിന്നും 849 വോട്ടുകള്‍ക്കായിരുന്നു തോല്‍വി ഏറ്റുവാങ്ങിയത്. തൃപ്പൂണിത്തുറയില്‍ ലീഡുകള്‍ മാറിമറഞ്ഞപ്പോള്‍ ഏറ്റവും ഒടുവില്‍ കെ ബാബു ഡിവൈഎഫ്ഐ നേതാവ് എം സ്വരാജിനോടു തോറ്റു. വന്‍ ഭൂരിപക്ഷത്തിനാണ് നാലു തവണ ഇവിടെ നിന്നും ജയിച്ച കെ ബാബുവിനെ സ്വരാജ് അട്ടിമറിച്ചത്.

Share this news

Leave a Reply

%d bloggers like this: