കാണാതായ ഈജിപ്ത് എയര്‍ലൈന്‍സ് വിമാനത്തിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു

കെയ്റോ: പാരീസില്‍ നിന്നും കെയ്റോയിലേക്കുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ഈജിപ്ത് എയര്‍ലൈന്‍സ് വിമാനത്തിനുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. 26 വിദേശികളടക്കം 66 യാത്രക്കാരുമായി പറന്ന ഈജിപ്ത് എയര്‍ലൈന്‍സ് വിമാനമാണ് എ.320 മെഡിറ്ററേനിയന്‍ കടലിന് മുകളില്‍ 37,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ട് കാണാതായത്. മൂന്നു കുട്ടികളുള്‍പ്പെടെ 56 യാത്രക്കാരും ഏഴു ജീവനക്കാരും മൂന്നു സുരക്ഷാ ജീവനക്കാരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഗ്രീക്ക്, ഈജിപത്, ഫ്രഞ്ച്, യുകെ സൈനികര്‍ ഗ്രീസിലെ കാര്‍പത്തോസ് ദ്വീപില്‍ കാണാതായ വിമാനത്തിനു വേണ്ടി തെരച്ചില്‍ നടത്തുകയാണ്. സാങ്കേതിക തകരാറിനേക്കാള്‍ തീവ്രവാദി ആക്രമണമാകാം അപകടത്തിന് കാരണമെന്നാണ് ഈജിപ്ത് അധികൃതര്‍ പറയുന്നത്. ഇതുവരെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇന്നലെ വിമാനം തകര്‍ന്നുവീണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മധ്യധരണ്യാഴിയില്‍ നിന്ന് വിമാനവശിഷ്ടങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വിമാനം തകര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ മധ്യധരണാഴിയില്‍ നിന്ന് ലഭിച്ച വിമാനവശിഷ്ടങ്ങള്‍ തങ്ങളുടെ വിമാനത്തിന്റേതല്ലെന്ന് ഈജിപ്ത് എയര്‍ലൈന്‍സ് അറിയിച്ചു.

ബുധനാഴ്ച പ്രാദേശിക സമയം രാത്രി 11.09 ന് പാരിസിലെ ചാള്‍സ് ഡി ഗോള്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം വ്യാഴാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 3.15 ന് ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ എത്തിച്ചേരേണ്ടതായിരുന്നു. ഈജിപ്തിന്റെ ആകാശപ്പരപ്പിലേക്ക് പ്രവേശിച്ച വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു. 30 ഈജിപ്ത് പൗരന്‍മാരും 15 ഫ്രഞ്ചുകാരും 2 ഇറാഖികളും ബ്രിട്ടന്‍, കാനഡ, ബെല്‍ജിയം, കുവൈറ്റ്, സൗദി അറേബ്യ, അള്‍ജീരിയ, സുഡാന്‍, ചാഡ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഒരോ യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ വിമാനം കടലില്‍ വീണെന്ന നിഗമനത്തിലാണ് അധികൃതര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. വിമാനം തകര്‍ന്നതായി ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാങ്സ്വ ഒലാന്ദും സ്ഥിരീകരിച്ചു. ഗ്രീക്ക് ദ്വീപായ കാര്‍പത്തോസിന് 130 നോട്ടിക് മൈല്‍ പ്രദേശത്തിനുള്ളിലാണ് വിമാനം വീണതെന്നാണ് ഈജിപ്ത് അധികൃതര്‍ പറയുന്നത്. ഇവിടെ തെരച്ചില്‍ പുരോഗമിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: