അഴിമതി പ്രചാരണങ്ങള്‍ തിരിച്ചടിച്ചുച്ചെന്ന്‌ ഉമ്മന്‍ ചാണ്ടി

കോട്ടയം: തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിച്ച് മുഖ്യമന്തി ഉമ്മന്‍ ചാണ്ടി. ജനവിധി മാനിക്കുന്നതായും വര്‍ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാണ് തോല്‍വിക്കു കാരണമായതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അഴിമതി പ്രചാരണങ്ങളെ അതിജീവിക്കാനും പ്രതിരോധിക്കാനും സാധിച്ചില്ലെന്നും, സര്‍ക്കാരിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ച പറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…

നിയമസഭയിലേക്കുള്ള ജനവിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ 10.30ന് ബഹു. കേരളാ ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകയാണ്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഈ മന്ത്രിസഭയുടെ കാലത്ത് എനിക്കും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്കും നിങ്ങള്‍ നല്‍കിയ ഹൃദ്യമായ സമീപനത്തിനും സ്‌നേഹത്തിനും ഞാന്‍ എല്ലാവര്‍ക്കും വേണ്ടി നന്ദി പറയുന്നു.

കേവലം രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷമുള്ള ഗവണ്മെന്റിന് കാലാവധി പൂര്‍ത്തിയാക്കാനും വികസനവും കരുതലും എന്ന നയം വിജയകരമായി നടപ്പിലാക്കാനും നിങ്ങളുടെ കലവറയില്ലാത്ത പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് സാധിച്ചത്. ഈ കാലയളവില്‍ നടന്ന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിങ്ങള്‍ നല്‍കിയ കരുത്താണ് മന്ത്രിസഭയ്ക്ക് കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയത്.

എന്നാല്‍ ഇപ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തെറ്റായ പ്രചരണങ്ങളാലും യുഡിഎഫിനെതിരെയുണ്ടായ വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലും പരാജയം നേരിട്ടു. ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആ പ്രചാരണം അതിജീവിക്കാനും അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. ഗവണ്മെന്റിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നമുക്കു വീഴ്ച പറ്റി.

ജനവിധി മാനിക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങളാണ് അവസാന വാക്ക്. ഏറ്റവും വേഗം പുതിയ ഗവണ്മെന്റ് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. യുഡിഎഫ് ഗവണ്മെന്റ് വികസനരംഗത്ത് തുടങ്ങിവച്ച കേരളത്തിന്റെ സ്വപ്നപദ്ധതികളായ കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി സ്മാര്‍ട്ട് സിറ്റി എന്നിവയെല്ലാം പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇതെല്ലാം സമയബന്ധിതമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമൂഹത്തിന്റെ താങ്ങും തണലും ആവശ്യമുള്ള ജനങ്ങള്‍ക്ക് യുഡിഎഫ് ഗവണ്മെന്റ് നിരവധി ക്ഷേമപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. അതെല്ലാം തുടര്‍ന്നും കാര്യക്ഷമതയോടു കൂടി മുന്നോട്ടു കൊണ്ടുപോകും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

പുതിയ ഗവണ്മെന്റിന് എല്ലാവിധ ആശംസകളും നേരുന്നു.

Share this news

Leave a Reply

%d bloggers like this: