ജിഷ വധം: കൊലയാളിയുടെ കൂടുതല്‍ ഡിഎന്‍എ പൊലീസിന് ലഭിച്ചു

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചു. കൊലയാളിയുടെ കൂടുതല്‍ ഡിഎന്‍എ പൊലീസിന് ലഭിച്ചു. ജിഷയുടെ നഖത്തില്‍ കണ്ടെത്തിയ ചര്‍മകോശങ്ങളില്‍നിന്നും വാതില്‍കൊളുത്തില്‍ പുരണ്ട രക്തത്തില്‍നിന്നുമാണ് ഡിഎന്‍എ കിട്ടിയത്. ജിഷയുടെ ശരീരത്തില്‍ കടിയേറ്റപാടില്‍നിന്ന് ആദ്യം തിരിച്ചറിഞ്ഞതും ഇതേ ഡിഎന്‍എയാണ്. കൊലയാളിക്ക് പരുക്കേറ്റിരുന്നുവെന്നതിനും ഇപ്പോള്‍ ലഭിച്ച ഡിഎന്‍എയിലൂടെ തെളിവായി. ആദ്യ അന്വേഷണസംഘം ശേഖരിച്ച സാംപിളുകളില്‍നിന്നാണ് ഡിഎന്‍എ കിട്ടിയത്.

ജിഷയുടെ പുറത്ത് കടിയേറ്റ പാടില്‍നിന്നാണ് കൊലയാളിയുടെ ഡിഎന്‍എ ആദ്യം അന്വേഷണ സംഘത്തിന് ലഭിച്ചത്. ജിഷയുടെ വസ്ത്രത്തില്‍ കടിച്ചയാളുടെ ഉമിനീര്‍ കലര്‍ന്നിരുന്നു. തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഡിഎന്‍എ കണ്ടെത്തിയത്. ഡിഎന്‍എ ലഭിച്ചിരുന്നെങ്കിലും കൊലയാളിയെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞില്ല. ഒരു മാസത്തിനിടെ കസ്റ്റഡിയിലും അല്ലാതെയും പൊലീസ് ചോദ്യംചെയ്ത രണ്ടായിരത്തിലധികം പേരുമായും ഈ ഡിഎന്‍എ സാംപിള്‍ യോജിച്ചില്ല. വഴിമുട്ടിയ അന്വേഷണം ഒടുവില്‍ പുതിയ സര്‍ക്കാര്‍ പുതിയ ടീമിനെ ഏല്‍പിച്ചു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് പുതിയ അന്വേഷണസംഘം.

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷ ഏപ്രില്‍ 28നാണ് ദാരുണമായി കൊല്ലപ്പെട്ടത്. 32 മുറിവുകളാണ് ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കൊലയാളിയെ കണ്ടുപിടിക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: