പ്രിയമുത്തശ്ശിക്ക് വിട പറയാന്‍ പ്രിയങ്ക കോട്ടയത്തെത്തി

കോട്ടയം: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്‌കാരം പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ നടത്തി. പ്രിയങ്ക ചോപ്ര, സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്ര എന്നിവരുള്‍പ്പെടെ അടുത്ത ബന്ധുക്കളെല്ലാം പൊന്‍കുന്നത്ത് സംസ്‌കാര ചടങ്ങിന് എത്തിയിരുന്നു.

പ്രിയങ്കയുടെ മാതാവ് മധു അശോക് ചോപ്രയുടെ മാതാവാണ് മേരി അഖൗരി. കഴിഞ്ഞ ദിവസം മുംബൈയില്‍ നിര്യാതയായ മേരി ജോണ്‍ കുമരകം കവളപ്പാറ കുടുംബാംഗമാണ്. സംസ്‌കാരം സ്വദേശത്തു നടത്തണമെന്ന് ഇവര്‍ നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്നലെ പരുത്തുംപാറയിലെ ബന്ധുവീട്ടില്‍ എത്തിച്ച മൃതദേഹം ശുശ്രൂഷകള്‍ക്കുശേഷം വൈകിട്ട് അഞ്ചിനു പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായാ പള്ളിയില്‍ എത്തിക്കുകയായിരുന്നു.

കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് സംസ്‌കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. വൈദികരായ ഫാ. ബെന്നെറ്റ് കുര്യാക്കോസ്, ഫാ. ജിനൊ വര്‍ഗീസ്, ഫാ. ഡോ.ബിനോയ് തോമസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ബിഹാറിലെ എംഎല്‍സി ആയിരുന്ന പരേതനായ ഡോ. അഖൗരിയുടെ ഭാര്യയാണ് മേരി ജോണ്‍. മേരി ജോണും ബിഹാറിലെ എംഎല്‍സി ആയിരുന്നിട്ടുണ്ട്.

മക്കളും പ്രിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ള പേരക്കുട്ടികളും ഭര്‍ത്താവ് അഖൗരിയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മുംബൈ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നു സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: