ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍; വഴങ്ങാതെ വി.എസ്

 

തിരുവനന്തപുരം: കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കാമെന്നു വി.എസ്.അച്യുതാനന്ദന് പാര്‍ട്ടിയുടെ നിര്‍ദേശം. സര്‍ക്കാരിന്റെ ഉപദേശകനാക്കാമെങ്കില്‍ പദവി ഏറ്റെടുക്കാമെന്നും ഇല്ലെങ്കില്‍ പദവിയൊന്നും വേണ്ടെന്നും എംഎല്‍എയായി മാത്രം തുടരാമെന്നും വി.എസ് പാര്‍ട്ടിക്കു മറുപടി നല്‍കി. വി.എസിനു പദവി നല്‍കുന്നത് സംബന്ധിച്ച് പല ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച് തീരുമാനമൊന്നുമായില്ല.

മുഖ്യമന്ത്രിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കാബിനറ്റ് റാങ്കോടെയുള്ള സര്‍ക്കാരിന്റെ ഉപദേശക സ്ഥാനമോ എല്‍ഡിഎഫ് അധ്യക്ഷസ്ഥാനമോ നല്‍കാമെന്ന ധാരണയില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നെങ്കിലും തീരുമാനം പ്രഖ്യാപിച്ചില്ല. മന്ത്രിസഭ എല്‍ഡിഎഫിനു വിട്ട് വീണ്ടും വിഷയം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയാണു പാര്‍ട്ടി വൃത്തങ്ങള്‍ വി.എസുമായി ബന്ധപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കാമന്ന് അറിയിച്ചത്. ഇതുവേണ്ടെന്ന് വി.എസ് അപ്പോള്‍ തന്നെ അറിയിക്കുകയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വിളിച്ച് പാര്‍ട്ടി വാഗ്ദാനം ചെയ്ത സ്ഥാനം വേണ്ടെന്നും സര്‍ക്കാരിന്റെ ഉപദേശക പദവിയോ എല്‍ഡിഎഫ് അധ്യക്ഷസ്ഥാനമോ പരിഗണിക്കാമെന്നും മറ്റു പദവികളൊന്നും താത്പര്യമില്ലെന്നും അറിയിച്ചു.

തന്റെ പദവി വിഷയം നീട്ടിക്കൊണ്ടുപോയി അനാവശ്യ വിവാദമാക്കുന്നതില്‍ വി.എസ് കടുത്ത അതൃപ്തിയിലാണ്. ഇക്കാര്യം യെച്ചൂരിയെ അദ്ദേഹം അറിയിക്കുകയും ചെയ്തു. ഇനി കേരളത്തില്‍ എത്തുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും അതുവരെ ഈ വിഷയത്തില്‍ പ്രതികരണം വേണ്ടെന്നും യെച്ചൂരി വി.എസിനോടു പറഞ്ഞതായാണു ലഭിക്കുന്ന വിവരം.

വി.എസിനു മാന്യമായ സ്ഥാനം നല്‍കി പരിഗണിക്കുമെന്ന കേന്ദ്ര നേതൃത്വത്തിന്റെ വാഗ്ദാനം ലംഘിക്കുന്ന സമീപനമാണു സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നുവെന്ന വികാരമാണ് അദ്ദേഹത്തോടു അടുപ്പം പുലര്‍ത്തുന്നവര്‍ പ്രകടിപ്പിക്കുന്നത്. കുറിപ്പ് വിവാദത്തിനുശേഷം പദവി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് കൃത്യമായ അകലം പാലിക്കുകയാണു വി.എസ്. ഇക്കാര്യത്തില്‍ തീരുമാനം അറിഞ്ഞ ശേഷം പ്രതികരണം മതിയെന്ന നിലപാടിലാണ് അദ്ദേഹം. വി.എസിനു മാന്യമായ പദവി നല്‍കണമെന്ന അഭിപ്രായമാണു സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ക്കുള്ളത്. അടുത്ത എല്‍ഡിഎഫ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്‌തേക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: