കായിക മന്ത്രിക്കെതിരെ പരാതിയുമായി അഞ്ജു ബോബി ജോര്‍ജ്: മോശമായി പെരുമാറിയിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍

തിരുവനന്തപുരം: കായികമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്ന് അഞ്ജു ബോബി ജോര്‍ജ്. അഴിമതി നടത്തിയെന്നു പറഞ്ഞായിരുന്നു ഭീഷണി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആനുകൂല്യങ്ങള്‍ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല. അവാര്‍ഡിനോ സ്ഥാനമാനങ്ങള്‍ക്കോ ഇതുവരെ ആരുടെയും പിന്നാലെ പോയിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അഞ്ജു പറഞ്ഞു.
കഴിഞ്ഞ ദിവസം ഓഫീസില്‍ കാണാനെത്തിയപ്പോള്‍ തങ്ങളെ അഴിമതിക്കാരെന്നും പാര്‍ട്ടി വിരുദ്ധരെന്നും വിളിച്ചതായും വിമാനടിക്കറ്റിനുള്ള പണം എഴുതിയെടുക്കുന്നതിനെ മന്ത്രി ചോദ്യം ചെയ്തെന്നും അഞ്ജു പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സംഭവം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും അഞ്ജു പറഞ്ഞിരുന്നു.

അതേസമയം, അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കായികമന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ. ഇബ്രാഹിംകുട്ടിക്കൊപ്പം ഓഫീസിലെത്തിയ അഞ്ജു സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു. അഞ്ജു പരാതി കൊടുത്തതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ജുവിനോടുള്ള കായികമന്ത്രിയുടെ പെരുമാറ്റം പൊറുക്കാന്‍ കഴിയാത്തതെന്ന് മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: