ഫ്‌ളോറിഡ വെടിവയ്പ്: മകന്‍ നടത്തിയ ആക്രമണത്തില്‍ മാപ്പ് ചോദിച്ച് കുടുംബം

ഫ്‌ളോറിഡ: യുഎസിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ ഒമര്‍ സാദിഖ് മാറ്റീന്‍ നടത്തിയ ആക്രമണത്തില്‍ കുടുംബം ക്ഷമചോദിച്ചു. മകന്‍ നടത്തിയ കൂട്ടക്കൊലയും മതവുമായി ബന്ധമില്ലെന്ന് ഒമറിന്റെ പിതാവ് സിദ്ധീഖ് മാറ്റീന്‍ അറിയിച്ചു. നേരത്തെ മകനൊപ്പം മിയാമിയില്‍ പോയപ്പോള്‍ സ്വവര്‍ഗാനുരാഗികളായ രണ്ടു പുരുഷന്‍മാര്‍ ചുംബിക്കുന്നത് കണ്ടപ്പോള്‍ മകനു വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് സിദ്ധീഖ് അറിയിച്ചു. ‘നടന്ന സംഭവത്തില്‍ ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. മകന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. രാജ്യം മുഴുവന്‍ ഞെട്ടിയതുപോലെ ഞങ്ങളും ഞെട്ടിയിരിക്കുകയാണെന്നും’ സിദ്ധീഖ് കൂട്ടിച്ചേര്‍ത്തു.

https://www.youtube.com/watch?v=_wG2KWkrohs

അതേസമയം, ഒമറിന്റെ പിതാവ് സിദ്ധീഖ് മാറ്റീന്‍ പാക് അഫ്ഗാന്‍ വിഷയങ്ങളിലെ രാഷ്ട്രീയ നിരീക്ഷകനാണെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ വംശജനായ ഇയാള്‍ ടെലിവിഷന്‍ ഷോകളില്‍ പാകിസ്താന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താറുള്ളയാളാണ്. മാത്രമല്ല, അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയുടെ നിരന്തര വിമര്‍ശകനുമാണിയാള്‍. പാക് ചാരസംഘടനയായ ഐഎസ്‌ഐയെ കൊലപാതകികള്‍ എന്നാണ് ഇയാള്‍ വിശേഷിപ്പിക്കുന്നത്. ലോകമെങ്ങുമുള്ള ഭീകരവാദത്തിന്റെ തലതൊട്ടപ്പനാണ് ഐഎസ്‌ഐ എന്നും സിദ്ധീഖ് പറയുന്നു. മകന്‍ കൂട്ടക്കൊല നടത്തിയ ഞായറാഴ്ചയും തന്റെ രാഷ്ട്രീയനിലപാടുകള്‍ വിശദീകരിച്ച് സിദ്ധീഖ് മാറ്റീന്‍ സമുഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ശനിയാഴ്ചത്തെ പോസ്റ്റില്‍ അഫ്ഗാന്‍ പ്രസിഡന്റായി സ്വയം വെളിപ്പെടുത്തിയാണ് ഇയാള്‍ സംസാരിച്ചത്.

എന്നാല്‍, അഫ്ഗാന്‍ താലിബാനെ പിന്തുണയ്ക്കുന്ന രീതിയിലായിരുന്നു ഇയാളുടെ പരാമര്‍ശങ്ങളെല്ലാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: