‘ഉഡ്താ പഞ്ചാബ്’ സിനിമയ്ക്ക് ബോംബെ ഹൈക്കോടതിയുടെ അനുകൂലവിധി

മുംബൈ: വിവാദ ചിത്രം ഉഡ്ത പഞ്ചാബിന് രണ്ടു ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്. ഒരു ദൃശ്യം മാത്രം ഒഴിവാക്കിയാല്‍ മതിയെന്നു കോടതി വിധിച്ചു. 13 വിഭാഗങ്ങളിലായി 89 പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സെന്‍സര്‍ ബോര്‍ഡിന് അവകാശമില്ലെന്നും കോടതി വിധിച്ചു. അതേസമയം, സിനിമയ്ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നു കോടതി നിര്‍േദശിച്ചു.

അടുത്തവര്‍ഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പഞ്ചാബിലെ ലഹരിമരുന്നു മാഫിയെക്കുറിച്ചു പ്രതിപാദിക്കുന്ന ചിത്രമാണ് ഉഡ്താ പഞ്ചാബ്. സിനിമയിലെ പഞ്ചാബ്, തിരഞ്ഞെടുപ്പ്, എംഎല്‍എ, എംപി തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ബോര്‍ഡ് നിര്‍ദേശം. എന്നാല്‍ ഇത്തരത്തില്‍ പേരുകള്‍ ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയുടെ പരമാധികാരത്തിനോ ദേശീയതക്കോ യാതൊരു തരത്തിലും വെല്ലുവിളിയുണ്ടാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ അനുരാഗ് കാശ്യപ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

ഷാഹിദ് കപൂര്‍, കരീന കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ രാജീവ് രവിയാണ്. ഈ മാസം 17നാണ് റിലീസിങ് നിശ്ചയിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: