കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. സ്വഭാവിക മരണമാകാനുള്ള സാധ്യത കുറയുന്നതായി മെഡിക്കല്‍ സംഘം. മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ കണ്ടെത്തി.

കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം ക്രമാതീതമായ അളവിനേക്കാള്‍ കൂടുതലാണെന്നാണ് ഹൈദരാബാദിലെ കേന്ദ്ര ലാബിലെ കണ്ടെത്തല്‍. 45 മില്ലിഗ്രാം മെഥനോള്‍ ശരീരത്തിലുണ്ടായിരുന്നു. അതായത് വ്യാജ മദ്യം ഉള്ളില്‍ ചെന്നാണ് കലാഭവന്‍ മണിയുടെ മരണമെന്നാണ് കേന്ദ്ര ലാബിലെ പരിശോധനാ ഫലം. കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിനേക്കാള്‍ അളവില്‍ മെഥനോള്‍ ഉണ്ടായിരുന്നുവെന്നാണ് കേന്ദ്ര ലാബിലെ അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ കലാഭവന്‍ മണിയുടെ മരണം സ്വാഭാവികമെന്ന വാദവും അപ്രസക്തമാകും.

കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. കരള്‍ രോഗമുള്ള മണിക്ക് സ്വാഭാവിക രോഗമെത്തിയതാണ് മരണ കാരണമെന്നാണ് വിലയിരുത്തി കേസ് എഴുതി തള്ളാനായിരുന്നു ശ്രമം.ഇതേ തുടര്‍ന്ന് മണിയുടെ മരണത്തിലെ ദുരൂഹത ചൂണ്ടികാട്ടി കുടുംബം ഉറച്ചുനിന്നതോടെ സിബിഐ അന്വേഷണത്തിനുള്ള വാദവും ശക്തമായി. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് സിബിഐയ്ക്ക് അന്വേഷണം വിടാനും തീരുമാനിച്ചു. അതിനിടെയാണ് കേന്ദ്ര ലാബിലെ വിശദ പരിശോധനാ ഫലം പുറത്തുവരുന്നത്. മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്നാണ് മെഡിക്കല്‍ സംഘം വിലയിരുത്തുന്നത്.

മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, ഹൈദരാബാദിലെ കേന്ദ്രലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഇതു തള്ളുകയും ചെയ്തിരുന്നു. എന്നാല്‍, വിഷമദ്യത്തില്‍ കാണുന്നയിനം മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. മരണകാരണമാകുന്ന തരത്തില്‍ മെഥനോള്‍ ഇല്ലെന്നും ബിയര്‍ കഴിച്ചതിനെ തുടര്‍ന്ന് സ്വാഭാവികമായി അടിയുന്ന മെഥനോള്‍ മാത്രമാണ് ഇതെന്നുമായിരുന്നു വാദം. കരള്‍ രോഗിയായ മണിയുടെ ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടായതാകും ഇതെന്നും വിലയിരുത്തലുകളെത്തി. കേന്ദ്ര ലാബിലെ പരിശോധനാ ഫലത്തില്‍ കിടനാശിനി കണ്ടെത്താനുമായില്ല. കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ കീടനാശിനും ഉണ്ടായിരുന്നു. ഈ വൈരുദ്ധ്യം ഉയര്‍ത്തി കാക്കനാട്ടിലെ പരിശോധനാ ഫലം തള്ളാനായിരുന്നു നീക്കം.

-എജെ-

Share this news

Leave a Reply

%d bloggers like this: