ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചു

ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ തന്റെ നിലപാടിനു വിരുദ്ധമായി ബ്രിട്ടീഷ് ജനത വിധിയെഴുതിയതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചു. ഒക്‌ടോബറോടെ രാജിവെക്കുമെന്നാണ് കാമറണ്‍ പ്രഖ്യാപിച്ചത്.

യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ ശക്തവും സുരക്ഷിതവുമാണെന്ന് കരുതുന്നുവെന്നും രാജ്യം യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നു തന്നെയാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ മറ്റൊരു തീരുമാനമാണെടുത്തത്. ബ്രിട്ടീഷ് ജനതയുടെ വിധി ബഹുമാനിക്കുന്നു. രാജ്യത്തെ ഈ ദിശയില്‍ നയിക്കാന്‍ പുതിയ നേതൃത്വം ആവശ്യമാണെന്നും രാജി പ്രഖ്യാപനം നടത്തിക്കൊണ്ട് കാമറണ്‍ പറഞ്ഞു.

ഈ രാജ്യത്തെ താന്‍ സ്‌നേഹിക്കുന്നു. രാജ്യത്തെ സേവിച്ചതിലും ആറു വര്‍ഷം പ്രധാനമന്ത്രി ആയിരുന്നതിലും അഭിമാനിക്കുന്നതായും കാമറണ്‍ പറഞ്ഞു. ബ്രിട്ടനിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെയും ഇ.യുവിലുള്ള ബ്രിട്ടീഷുകാരുടെയും നിലവിലുള്ള സാഹചര്യങ്ങളില്‍ ഉടനടി മാറ്റമുണ്ടാകില്ലെന്ന് ഉറപ്പു നല്‍കുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് പ്രധാനമന്ത്രി കാമറണ്‍ ഹിതപരിശോധന പ്രഖ്യാപിച്ചത്. ഡേവിഡ് കാമറണിന്റെയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുെടയും ലോക നേതാക്കളുടെയും ആഹ്വാനം തള്ളിക്കൊണ്ടാണ് ജനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് വിധിയെഴുതിയത്.

രാജ്യത്തെ 52% വോട്ടര്‍മാര്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടണമെന്നുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ 48% വോട്ടര്‍മാര്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ വോട്ട് രേഖപ്പെടുത്തി. 1,269,501 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്.

-എജെ-

Share this news

Leave a Reply

%d bloggers like this: