ബ്രെക്‌സിറ്റ് അയര്‍ലന്‍ഡിന്റെ ദു:സ്വപ്നം യാഥാര്‍ഥ്യമായി; മുന്നില്‍ പ്രതിസന്ധിയുടെ നാളുകള്‍

ഡബ്ലിന്‍: ഏറെ നാളെത്തെ കാത്തിരിപ്പിനു ശേഷം അതു സംഭവിച്ചിരിക്കുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ പുറത്തുപോകണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നു. ബ്രെക്‌സിറ്റ് ഹിതപരിശോധന ഫലം പുറത്തുവന്നതോടെ യൂണിയനില്‍ നിന്നു പുറത്തേക്കുള്ള ബ്രിട്ടന്റെ വഴി തെളിഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനം യാഥാര്‍ഥ്യമാകുമ്പോള്‍ നിരവധി പ്രതിസന്ധികളാണ് അയര്‍ലന്‍ഡിനെ കാത്തിരിക്കുന്നത്. ഹ്രസ്വ കാല, ദീര്‍ഘകാല പ്രത്യാഘാതങ്ങളാണ് അയര്‍ലന്‍ഡിനെ സംബന്ധിച്ചിടത്തോളം ബ്രെക്‌സിറ്റിന്റെ പരിണിതഫലങ്ങള്‍. ബ്രിട്ടനും അയര്‍ലന്‍ഡും കടുത്ത രാഷ്ട്രീയ-സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. ബ്രെക്‌സിറ്റ് ഫലങ്ങള്‍ അയര്‍ലന്‍ഡിനെ കാര്യമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.

എന്നാല്‍ ഇതിന്റെ ആഘാതം എത്രത്തോളമായിരിക്കുമെന്നതാണ് വരും നാളുകളില്‍ അറിയാനുള്ളത്. അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഉടനടി ഇല്ലാതാകില്ല. വ്യാപാര മേഖലയും ഒറ്റ രാത്രി കൊണ്ട് തകിടം മറിയില്ല. എങ്കിലും ഓഹരി വിപണിയില്‍ ഇന്നു രാവിലെ മുതല്‍ സംഭവിച്ച തകര്‍ച്ച വരാനിരിക്കുന്ന ആപത്തിന്റെ മുന്‍ സൂചനകളാണ്. ദുഷ്‌ക്കരമായ മാറ്റങ്ങള്‍ സംഭവിക്കാനിരിക്കുകയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അയര്‍ലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥ മൂലം രണ്ടാം ടേമില്‍ പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുന്ന എന്‍ഡ കെന്നിക്ക് തുടക്കം അത്ര ശോഭയുള്ളതായിരുന്നില്ല. സര്‍ക്കാര്‍ രൂപീകരിക്കാനെടുത്ത കാലതാമസവും മറ്റും പുതിയ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. എങ്കിലും കുറഞ്ഞ സമയം മാത്രമാണ് ഹണിമൂണ്‍ പീരീഡ് എന്ന നിലയില്‍ പുതിയ സര്‍ക്കാരിന് ലഭിച്ചത്. അതാകട്ടെ ഇന്നു രാവിലെ അവസാനിക്കുകയും ചെയ്തിരിക്കുന്നു. ബ്രെക്‌സിറ്റ് ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാരിനു മേലുള്ള സമ്മര്‍ദം വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ രാജ്യം ്അഭിമുഖീകരിക്കുന്നത്.

ഈ പ്രതിസന്ധിക്കിടയില്‍ രാജ്യത്തെ മുന്നോട്ടു നയിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് പ്രധാനമന്ത്രി എന്‍ഡ കെന്നിയില്‍ നിക്ഷിപ്തമായിരിക്കുന്നതും. സമീപകാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ സങ്കീര്‍ണ്ണവും പ്രവചനാതീതവുമാണത്. ബ്രെക്‌സിറ്റിനെ തുടര്‍ന്നുണ്ടാകുന്ന പെട്ടെന്നുള്ള രാഷ്ട്രീയ-സാമ്പത്തിക പ്രത്യാഘാതങ്ങളേക്കാള്‍ വലുതാണ് രാജ്യം അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികള്‍. ലോകത്തില്‍ അയര്‍ലന്‍ഡിന്റെ സ്ഥാനം പുനര്‍നിര്‍മ്മിക്കേണ്ട ആവശ്യകതയാണ് ഇനിയുള്ളത്. രാഷ്ട്രീയ, വാണിജ്യ മേഖലയിലെ കരുത്തരായ പങ്കാളിയെയാണ് രാജ്യത്തിന് നഷ്ടമാകുന്നതെന്നതാണ് പ്രധാനം. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു സമാനമായ സാഹചര്യമാണ് അയര്‍ലന്‍ഡ് നേരിടുന്നതെന്നു പറഞ്ഞാലും അത് അതിശയോക്തിയാകില്ല. യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ചിടത്തോളം നിയമസാധുതയുടെ കാര്യത്തിലും അംഗരാജ്യങ്ങളെ സംബന്ധിച്ച് ജനാധിപത്യ വ്യവസ്ഥിതിയുടെ കാര്യത്തിലും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

കടുത്ത സാമ്പത്തിക വരള്‍ച്ചയുടെ നാളുകളാണ് യൂറോപ്പിനെ കാത്തിരിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ ഔദ്യോഗികമായി വേറിടുന്നതിന് രണ്ടു വര്‍ഷമെങ്കിലുമെടുക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ വേര്‍പെടുന്നതോടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം സംബന്ധിച്ചും ആവശ്യമുയര്‍ന്നേക്കും. അയര്‍ലന്‍ഡ്, ബ്രിട്ടന്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും പൊളിച്ചെഴുതേണ്ടി വരും. മറ്റു പല വെല്ലുവിളികളും നേരിടുന്ന ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഇത് ഏറെ ദുഷ്‌ക്കരവുമായിരിക്കും.

ഹിതപരിശോധനയുടെ ഫലങ്ങള്‍ പുറത്തുവരുന്നതിനു മുന്‍പു തന്നെ ഡബ്ലിനില്‍ ചില തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. 2012 ല്‍ ഹിതപരിശോധന സംബന്ധിച്ച കാമറൂണിന്റെ പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ തന്നെ ഐറിഷ് ഉദ്യോഗസ്ഥരും മന്ത്രിമാരും മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ബ്രെക്‌സിറ്റിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികള്‍ തിരിച്ചറിയുകയും അതിനേ നേരിടുന്നതിനാവശ്യമായ തയാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നടപ്പാകുന്നതു വരെ കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടന്‍ ഉടന്‍ തന്നെ വേര്‍പെടുമോ? അതോ ചില ബ്രിട്ടീഷ് അധികൃതര്‍ പറയുമ്പോലെ കുറച്ചുവര്‍ഷങ്ങള്‍ കൂടി നിലനില്‍ക്കുന്ന ബന്ധം തുടരുമോ? സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുമോ? ഇല്ലെങ്കില്‍ അയര്‍ലന്‍ഡും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളെന്തായിരിക്കും? സ്വതന്ത്ര സഞ്ചാരം മുതല്‍ നികുതി കരാറുകള്‍ വരെയുള്ള കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവവും നിയമവശങ്ങളും എന്തായിരിക്കും? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അടിയന്തിരമായി ഉത്തരം കണ്ടെത്തേണ്ടതുണ്ട് അയര്‍ലന്‍ഡിന്. കാമറണ്‍ സര്‍ക്കാരിന് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള സാവകാശം ലഭിക്കുമെന്നും തോന്നുന്നില്ല.

ഒക്ടോബറില്‍ നടക്കുന്ന ബജറ്റ് പ്രഖ്യാപനത്തിലാകും ബ്രെക്‌സിറ്റിന്റെ ആദ്യ അനന്തര ഫലങ്ങള്‍ ദൃശ്യമാകുക. ധനമന്ത്രി മൈക്കല്‍ നൂനനും പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ മന്ത്രി പാസ്‌ക്കല്‍ ഡൊണോഹും തങ്ങളുടെ സമ്മര്‍ എക്‌ണോമിക് സ്‌റ്റേറ്റ്‌മെന്റില്‍ അയര്‍ലന്‍ഡിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാലുണ്ടാകുന്ന സാമ്പത്തിക വരള്‍ച്ചയെക്കുറിച്ചും അത് സൂചന നല്‍കിയിരുന്നു. മലയാളികളകടക്കമുള്ള കുടിയേറ്റ സമൂഹത്തിന്റെ ജീവിത നിലവാരത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിരക്കും ഇന്നത്തെ ബ്രെക്‌സിറ്റ് ഹിതപരിശോധ ഫലങ്ങളെന്നതില്‍ സംശയമില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: