ബ്രെക്‌സിറ്റ്: സാമ്പത്തിക ലോകം ആശങ്കയില്‍; സെന്‍സെക്‌സും നിഫ്റ്റിയും കൂപ്പുകുത്തി.

ന്യൂഡല്‍ഹി: ബ്രെക്‌സിറ്റ് അഭിപ്രായ സര്‍വേയില്‍ 51.8 ശതമാനം വോട്ടു നേടി യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകാനുള്ള ബ്രിട്ടന്റെ ഹിതപരിശോധനാ ഫലം ലോകത്തിന്റെ സാമ്പത്തിക ക്രയവിക്രിയങ്ങളില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാകുമെന്ന ആദ്യ സൂചനകള്‍ പുറത്തു വന്നു തുടങ്ങി. ലോക വാണിജ്യ രംഗത്ത് വന്‍തകര്‍ച്ച രേഖപ്പെടുത്തിയാണ് ഇന്ന് ലോകവിപണി ഉണര്‍ന്നത്. ബ്രെക്‌സിറ്റ് ലോക ഓഹരി വിപണിയിലും പ്രതിഫലിച്ചു. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായാണ് ബ്രിട്ടന്‍ പ്രധാനമായും വാണിജ്യബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളത്. ഈ രാജ്യങ്ങളിലെ ഓഹരി വിപണിയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി ആരംഭിച്ചത് തന്നെ 970 പോയന്റിന്റെ നഷ്ടത്തില്‍. സെന്‍സെക്‌സും നിഫ്റ്റിയും കൂപ്പുകുത്തി.

ആഗോള സാമ്പത്തിക ക്രയവിക്രയങ്ങള്‍ ആഗോള നെറ്റ്‌വര്‍ക്കിങ്ങിന്റെ കീഴിലായതിനാല്‍ ലോകത്തെ ഏത് സംഭവവും രാഷ്ട്രങ്ങളുടെ സാമ്പത്തിക ക്രയവിക്രയങ്ങളെ കാര്യമായി ബാധിക്കും. ലോകരാഷ്ട്രങ്ങളില്‍ സാമ്പത്തിക ശക്തിയില്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ പിന്‍മാറ്റം ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ചലനങ്ങള്‍ സൃഷിക്കുമെന്ന് നേരത്തെ തന്നെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

പൗണ്ടിന്റെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. പൗണ്ട്, ഓഹരി, ഇന്ത്യന്‍ രൂപ എന്നിവയുടെ മൂല്യത്തില്‍ രാവിലെ തന്നെ ഇടിവ് രേഖപ്പെടുത്തി. പൗണ്ടിന്റെ മൂല്യം 31 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെത്തിയത്. ചരിത്രത്തില്‍ ആദ്യമയാണ് ഒരു ദിവസം കൊണ്ട് ഒറ്റയടിക്ക് പൗണ്ടിന്റെ മൂല്യം ഇത്രയും താഴ്ന്ന നിലയിലെത്തുന്നത്. സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 60 രൂപയും ഗ്രാമിന് 480 രൂപയും കൂടി. ഏഷ്യന്‍ വിപണിയില്‍ 1000 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ വിപണിയില്‍ 900 പോയിന്റ് ഇടിവാണ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യത്തിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോള വിപണിയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഇന്ത്യന്‍ വിപണിയിലും ഇതിന്റെ അലയൊലികള്‍ ബാധിക്കുമെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്രിട്ടനില്‍ നിക്ഷേപമുള്ള ഇന്ത്യന്‍ കമ്പനികളില്‍ പ്രധാനപ്പെട്ട ടാറ്റ മോട്ടോഴ്‌സിന് 11 ശതമാനം ഓഹരി നഷ്ടം രാവിലെത്തന്നെ റിപ്പോര്‍ട്ട് ചെയ്തു. ടാറ്റാ സ്റ്റീലില്‍ 10 ശതമാനം നഷ്ടം രേഖപ്പെടുത്തി. ബാങ്കിങ്ങ് മേഖലയിലും കനത്ത നഷ്ടമാണ് ബ്രെക്‌സിറ്റ് മൂലം സംഭവിച്ചിരിക്കുന്നത്.

ബ്രെക്‌സിറ്റിന് എതിരായ പ്രചാരണത്തിന് ഗോള്‍ഡ്മാന്‍ സാക്‌സ്, മോര്‍ഗന്‍ സ്റ്റാന്‍ലി, സിറ്റി, ജെപി മോര്‍ഗന്‍ എന്നീ ധന സ്ഥാപനങ്ങള്‍ വന്‍ തുക സംഭാവന നല്‍കിയതില്‍നിന്ന് ബിസിനസ് ലോകത്തിന്റെ ആശങ്ക വ്യക്തമായിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്മാറുമ്പോള്‍ ലോകമാകെ സംഭവിച്ചേക്കാവുന്ന ആസ്തി നഷ്ടം ഭീമമായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. പല വന്‍കിട വിദേശ കമ്പനികളും ബ്രിട്ടന്‍ വിട്ടുപോയേക്കാം. ലോക സാമ്പത്തിക ഭൂപടത്തില്‍ ലണ്ടന്റെ പ്രാമുഖ്യം ഇല്ലാതാകുകയും ചെയ്യും.

ടൂറിസം മേഖലയെ ബ്രിട്ടന്റെ തീരുമാനം ഗുരുതരമായി ബാധിക്കുമെന്ന് നേരത്തെ സര്‍വേകളുണ്ടായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാത്ത ബ്രിട്ടനിലേക്കുള്ള യാത്ര റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍, യുഎസ്, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ പറയുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ യുകെയ്ക്ക് പ്രതിവര്‍ഷം നാലു ബില്യന്‍ പൗണ്ടിന്റെ നഷ്ടം വരുമെന്നും കണക്കാക്കുന്നു.

യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍മാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ചാല്‍ അത് ആഗോള തലത്തില്‍ തന്നെ വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നു ജി 7 ഉച്ചകോടി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജപ്പാനില്‍ നടന്ന ഉച്ചകോടിയിലാണ് ഈ അഭിപ്രായം ശക്തമായി ഉയര്‍ന്നത്. ആഗോള വ്യാപാരം, നിക്ഷേപം, തൊഴിലുകള്‍ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതായിരിക്കും ബ്രെക്‌സിറ്റ് എന്നും ഉച്ചകോടി പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ ഏറ്റവും സമ്പന്നമായ ഏഴ് വ്യാവസായിക രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ആഗോള വളര്‍ച്ചയുടെ വേഗം കുറയുന്നത് ആഗോള സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും തന്നെ ബാധിക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിയും ചെറിയ തോതിലെങ്കിലും ഇന്ത്യയെയും ബാധിച്ചിരുന്നു. മാത്രമല്ല ഇന്ത്യന്‍ വ്യവസായികള്‍ക്ക് ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ നിക്ഷേപങ്ങള്‍ ഉള്ളതിനാല്‍ ബ്രിട്ടനിലെ സാമ്പത്തിവ്യാവസായിക പ്രതിസന്ധി ഇന്ത്യയുടെ സാമ്പത്തിക കാര്യങ്ങളിലും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്‍മാറ്റം രണ്ടു വര്‍ഷത്തിനുള്ളില്‍ മാത്രമേ സാദ്ധ്യമാകുകയുള്ളൂ. ഈ രണ്ടു വര്‍ഷത്തിനുള്ളില്‍ യൂണിയനില്‍ നിന്നുള്ള മറ്റ് രാജ്യങ്ങളുമായി ബ്രിട്ടന് വ്യാപാര വാണിജ്യ സാമ്പത്തിക ബന്ധങ്ങളില്‍ പുതിയ കരാര്‍ വ്യവസ്ഥകള്‍ കൊണ്ടു വരേണ്ടതായുണ്ട്. 43 വര്‍ഷത്തെ ബന്ധത്തിന് വിടനല്‍കുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക സാമ്പത്തിക കരാറുകളെയായിരിക്കും.

ഇതുവരെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായിരുന്നതിനാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള കരാറുകളില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകളായികരിക്കും ഇനി ബ്രിട്ടന്‍ സ്വീകരിക്കുക. ഇത് ആഗോള സാമ്പത്തിക വ്യാപാര കരാറുകളെയും ബാധിക്കും. ഇതിനിടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോയാല്‍ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തുകള്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സുസ്ഥിരമായ സാമ്പത്തിക സംവിധാനമാണ് ഇന്ത്യക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹിതപരിശോധനാ ഫലം എന്തു തന്നെയായാലും ഇന്ത്യ അത് മാനിക്കും. അതേസമയം, വരുംനാളുകളില്‍ ഇതുമൂലമുണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് നാം ബോധവാന്‍മാരാണ് എന്നും ജെയ്റ്റ്‌ലി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള രഘുറാം രാജന്റെ പിന്‍മാറ്റവും കൂടിയാകുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെ ബ്രെക്‌സിറ്റ് എങ്ങനെ സ്വാധീനിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് വിപണി.

ആശങ്കയോടെ ഇന്ത്യന്‍ വിപണി

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരത്തിന്റെ മൂല്യം കഴിഞ്ഞ വര്‍ഷം ആറു ലക്ഷം കോടി രൂപയുടേതായിരുന്നു. ഇതിന്റെ അഞ്ചിലൊന്നും ഇന്ത്യ ബ്രിട്ടന്‍ വ്യാപാരത്തിന്റേതും. ഇത്ര വലിയ വ്യാപാരമാണ് ആശങ്കയുടെ നിഴലിലായിരിക്കുന്നത്. ബ്രിട്ടന്‍ പിന്മാറുകയാണെങ്കില്‍ യൂറോപ്പ് വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കു വഴുതിവീഴുമെന്നാണു നിരീക്ഷകരുടെ പക്ഷം. അതാകട്ടെ, ഇന്ത്യ- – യൂറോപ്യന്‍ യൂണിയന്‍ വ്യാപാരത്തെ തളര്‍ത്തും. യൂറോപ്പിലെ മാന്ദ്യം ജപ്പാനിലേക്കും തുടര്‍ന്നു യുഎസിലേക്കും വ്യാപിച്ചേക്കാമെന്നും നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ 13 % യൂറോയിലും ഏഴു ശതമാനം ബ്രിട്ടീഷ് പൗണ്ടിലുമാണ്. ബ്രിട്ടന്റെ പിന്മാറ്റം ഈ നാണയങ്ങളുടെ മൂല്യം ഇടിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു. യൂറോയ്ക്കും പൗണ്ടിനും സംഭവിക്കുന്ന മൂല്യ ശോഷണം ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ ഒരു പരിധി വരെ ദുര്‍ബലമാക്കും. ബ്രിട്ടന്റെ പിന്മാറ്റം യുഎസ് ഡോളറിനു കരുത്തേകും. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് ഇത് തിരിച്ചടിയാകും.

ബ്രിട്ടനിലെ ഇന്ത്യന്‍ സംരംഭങ്ങള്‍ക്കാണ് വലിയ ഭീഷണി. യൂണിയനില്‍നിന്നു പിന്മാറുമ്പോള്‍ ബ്രിട്ടന് പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സാമ്പത്തിക ക്രമീകരണങ്ങള്‍ ഇന്ത്യന്‍ കമ്പനികളെ ഇതു സമ്മര്‍ദത്തിലാക്കിയേക്കാം. ടാറ്റ മോട്ടോഴ്‌സിന്റേതുള്‍പ്പെടെയുള്ള എണ്ണൂറിലേറെ സംരംഭങ്ങളാണു സമ്മര്‍ദത്തിലാകുക. ഹിതപരിശോധനയ്ക്കു മുന്‍പുള്ള ദിവസങ്ങളില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയിലുണ്ടായ ഇടിവുതന്നെ ആശങ്കയുടെ ആഴം വ്യക്തമാക്കിയിരുന്നു.

ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നു ബ്രിട്ടനിലേക്കുമുള്ള പ്രത്യക്ഷ നിക്ഷേപത്തിനു ബ്രിട്ടന്റെ പിന്മാറ്റം ഇടയാക്കിയേക്കും. ഇന്ത്യയില്‍നിന്ന് നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കുള്ള പ്രത്യക്ഷ നിക്ഷേപത്തെയും മാറുന്ന സാഹചര്യങ്ങള്‍ ബാധിച്ചേക്കാം. ബ്രിട്ടന്റെ പുറത്തുപോക്ക് വിദേശനാണ്യ വിപണിയില്‍ വന്‍ ചലനങ്ങളുണ്ടാക്കും. ഓഹരി, കടപ്പത്ര വിപണികളിലും ഉല്‍പന്ന അവധി വ്യാപാര വിപണിയിലും കനത്ത പ്രത്യാഘാതം അനുഭവപ്പെടും. സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയില്‍ 10% വരെ മുന്നേറ്റമുണ്ടാകാമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ക്രൂഡ് ഓയില്‍ വിപണിയിലും പ്രത്യാഘാതമുണ്ടാകാം. ഇത് എണ്ണ വിലയെ സാരമായി ബാധിക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: