ബ്രിട്ടന്റെ പിന്‍മാറ്റം; ഇന്ധന വിലയിടിഞ്ഞു

ലണ്ടന്‍: വരാനിരിക്കുന്ന വന്‍ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകള്‍ നല്‍കിക്കൊണ്ട് ഇന്ധന വില ഇന്ന് ആറു ശതമാനത്തിലധികം ഇടിഞ്ഞു. ബ്രെക്‌സിറ്റിനെക്കുറിച്ച് വാണിജ്യലോകം നേരത്തേ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറുന്നതോടെ യൂറോപ്പിന്റെ ഭാവി സംബന്ധിച്ചും ആശങ്കകളുയരുന്നുണ്ട്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കണമെന്ന നിലപാട് സ്വീകരിച്ച പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഒക്ടോബറോടെ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് എല്‍സിഒ സി 1 ന് 1.91 ഡോളര്‍ ഇടിഞ്ഞ് ബാരലിന് 49 ഡോളറിലെത്തി. യുഎസ് ക്രൂഡ് സിഎല്‍ സി 1 ന് 1.87 ഡോളര്‍ ഇടിഞ്ഞ് ബാരലിന് 48.25 ഡോളറായി.

യുകെയില്‍ മാത്രമല്ല യൂറോപ്പില്‍ മുഴുവനും ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന് സിഎംസി മാര്‍ക്കറ്റ് അനലിസ്റ്റ് മൈക്കല്‍ ഹ്യൂസണ്‍ പറയുന്നു. ഇന്ധന വിലയില്‍ ഇനിയും ഇടിവ് പ്രതീക്ഷിക്കാമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടന്റെ പിന്‍മാറ്റം വ്യാപാര-നിക്ഷേപ മേഖലയെ അനിശ്ചിതത്വത്തിലേക്കു നയിക്കുമെന്നാണു സൂചന. യൂറോപ്യന്‍ യൂണിയനെതിരായ നീക്കങ്ങളെയും ഇതു ശക്തിപ്പെടുത്തും.

-എജെ-

Share this news

Leave a Reply

%d bloggers like this: