ബ്രെക്‌സിറ്റ് ആവേശം തീവ്ര വലതു നേതാക്കള്‍ക്ക് ഊര്‍ജമാകുന്നു

ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ഫലം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വത്വരാഷ്ട്രീയവും ദേശീയതയും ഉയര്‍ത്തിപ്പിടിക്കുന്ന തീവ്ര വലതുപക്ഷ നേതാക്കള്‍ക്ക് ഊര്‍ജ്ജമാകുന്നു. അവരവരുടെ രാജ്യങ്ങളില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനും അതുവഴി ഹിതപരിശോധനകളിലൂടെ രാജ്യത്തെ യൂറോപ്യന്‍ യൂണിയനു പുറത്തേക്കു നയിക്കാനുമുള്ള പ്രചാരണ പരിപാടികള്‍ക്ക് ഇവര്‍ തുടക്കമിട്ടു കഴിഞ്ഞു. ഫ്രാന്‍സിലെ ദേശീയ മുന്നണി നേതാവ് മെറിന്‍ ലി പെന്‍, നെതര്‍ലന്‍ഡ്‌സിലെ ഫ്രീഡം പാര്‍ട്ടി നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്‌സ്, ഇറ്റലിയിലെ നോര്‍ത്തേണ്‍ ലീഗ് നേതാവ് മാറ്റിയോ സാല്‍വിനി തുടങ്ങിയവരാണ് ഇതില്‍ പ്രമുഖര്‍.
ഫ്രാന്‍സില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെക്കുമ്പോഴും റണ്‍-ഓഫില്‍ പിന്നിലായേക്കാമെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രവചിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് മെറിന്‍ ലി പെന്‍. ഹിതപരിശോധനാ ആവശ്യം മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിലൂടെ ഇതിനുള്ള സാധ്യതയെ അതിജീവിക്കാനാകുമെന്നാണ് ഇപ്പോള്‍ അവരുടെ പ്രതീക്ഷ. സ്വാതന്ത്ര്യത്തിന് വിജയം. ഫ്രാന്‍സിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സമാനമായ ഹിതപരിശോധനകള്‍ നടത്തണമെന്ന് ഞാന്‍ വര്‍ഷങ്ങളായി പറയുകയാണ് എന്നാണ് അവര്‍ സ്വന്തം ട്വിറ്റര്‍ പേജില്‍ യൂണിയന്‍ ജാക്കിന്റെ ചിത്രവുമായി കുറിച്ചത്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് ഇംഗ്ലീഷുകാരേക്കാള്‍ ആയിരം കാരണങ്ങള്‍ ഫ്രാന്‍സിനുണ്ടെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച വിയന്നയില്‍ തീവ്ര വലതു പാര്‍ട്ടികളുടെ റാലിയില്‍ അവര്‍ പറഞ്ഞത്. കടുത്ത തൊഴിലില്ലായ്മക്കും കള്ളക്കടത്തുകാരെയും ഭീകരവാദികളെയും സാമ്പത്തികലാഭത്തിനായി കുടിയേറുന്നവരെയും തടയാനാവാത്തതിനും കാരണം യൂറോപ്യന്‍ യൂണിയന്റെ നയങ്ങളാണെന്നും അവര്‍ പറഞ്ഞു.
സ്വന്തം രാജ്യത്തിലും അതിന്റെ അതിര്‍ത്തികളിലും ധനത്തിലും സ്വന്തമായ കുടിയേറ്റ നയത്തിലുമുള്ള അധികാരം നമുക്കുണ്ടാവണമെന്ന് ഡച്ച് ഫ്രീഡം പാര്‍ട്ടി നേതാവ് വില്‍ഡേഴ്‌സ് പറഞ്ഞു. ഇനിയും യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നത് സംബന്ധിച്ച് സ്വന്തമായ അഭിപ്രായം പറയുന്നതിനുള്ള അവസരം ഡച്ചുകാര്‍ക്ക് എത്രയും പെട്ടെന്ന് ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നെതര്‍ലന്‍ഡ്‌സില്‍ അടുത്ത മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രകാരം മുന്നില്‍ നില്‍ക്കുന്ന നേതാവാണ് വില്‍ഡേഴ്‌സ്. 54 ശതമാനം ഡച്ചുകാരും ഒരു ഹിതപരിശോധന ആഗ്രഹിക്കുന്നതായി അടുത്തിടെ നടന്ന സര്‍വേ ഫലം കാണിച്ചിരുന്നു.
സ്വതന്ത്രരായ പൗരന്മാര്‍ സധൈര്യം പ്രകടിപ്പിച്ച അഭിപ്രായത്തെ അഭിനന്ദിക്കുകയാണെന്ന് ഇറ്റലിയിലെ കുടിയേറ്റ വിരുദ്ധചേരിയായ നോര്‍ത്തേണ്‍ ലീഗിന്റെ നേതാവ് മാറ്റിയോ സാല്‍വിനി ട്വീറ്റ് ചെയ്തു. പൗരനമ്ാരുടെ ഹൃദയവും തലച്ചോറും അഭിമാനവും കള്ളങ്ങളെയും ഭീഷണിയെയും ബ്ലാക്ക്‌മെയിലിനെയും തോല്‍പിച്ചതായി അദ്ദേഹം പറഞ്ഞു. ഇനി ഞങ്ങളുടെ അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വീഡനിലെ കുടിയേറ്റ വിരുദ്ധരായ ഡമോക്രാറ്റ് പക്ഷം ഇനി ഒരു സ്വിക്‌സിറ്റിനായി കാത്തിരിക്കാന്‍ ട്വീറ്റ് ചെയ്തു. ഹിതപരിശോധനകള്‍ ജനാധിപത്യത്തിന്റെ ശരിയായ വഴിയാണെന്ന് ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ക്രിസ്റ്റ്യന്‍ ടുല്‍സന്‍ ഡാല്‍ അഭിപ്രായപ്പെട്ടു.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: