ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിച്ചാല്‍ കുട്ടികളില്‍ ഓട്ടിസത്തിനുള്ള സാധ്യത വര്‍ധിക്കുമെന്ന് പഠനം

സ്ത്രീകള്‍ ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് കുട്ടികളില്‍ ഓട്ടിസം, ഹൈപ്പറാക്ടീവ് തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം. ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് 41 ശതമാനത്തിലധികം കുട്ടികളെ മോശമായി ബാധിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

ഗര്‍ഭാവസ്ഥയില്‍ സ്ഥിരമായി വേദനസംഹാരികള്‍ കഴിക്കുന്നത് ആണ്‍കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. 2644 അമ്മമാരിലും കുട്ടികളിലുമാണ് സ്പാനിഷ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിരിക്കുന്നത്. ഒരു വയസ് പ്രായമുള്ള 43 ശതമാനം കുട്ടികളാണ് മാതാവ് ഗര്‍ഭാവസ്ഥയില്‍ പാരസെറ്റമോള്‍ ഉപയോഗിച്ചതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നതെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.

വ്യത്യസ്ത കാരണങ്ങളാല്‍ പാരസെറ്റമോള്‍ നാഡീവ്യൂഹങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ ഹാനികരമാണെന്നും പ്രതിരോധശേഷിയെ മോശമായ രീതിയില്‍ ബാധിക്കുമെന്നും പഠനം നടത്തിയ ശാസ്ത്രജ്ഞരില്‍ ഒരാള്‍ വ്യക്തമാക്കി.

പനിക്കും വേദനസംഹാരിയായും പൊതുവായി ഉപയോഗിക്കുന്ന മരുന്നുകളിലൊന്നാണ് പാരസെറ്റമോള്‍ എന്നും ഇത് സുരക്ഷിതമാണെന്നും ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ ഉപയോഗിക്കാറുണ്ടെന്നും റോയല്‍ കോളേജിലെ പ്രഫ. അലന്‍ കാമറോണ്‍ പറഞ്ഞു. പാരസെറ്റമോളിന്റെ ഉപയോഗവും നാഡീവ്യൂഹങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധം പഠനത്തില്‍ വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

-sk-

Share this news

Leave a Reply

%d bloggers like this: