ഫിനഗേലില്‍ വിമതനീക്കം ശക്തം; പ്രധാനമന്ത്രി രാജിയുടെ വക്കില്‍

ഭരണമുന്നണിയിലും മുഖ്യഭരണകക്ഷിയായ ഫിനഗേലിലും വിമതനീക്കം ശക്തമായതോടെ പ്രധാനമന്ത്രി എന്‍ഡാ കെന്നി രാജിയുടെ വക്കില്‍. എന്‍ഡാ കെന്നിയുടെ നേതൃത്വത്തിനെതിരേ പാര്‍ട്ടിയില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്ന അസംതൃപ്തി അടുത്തിടെ കെന്നി പാര്‍ട്ടിയുടെ ഉപനേതാവായി ജയിംസ് റെയ്‌ലിയെ ഏകപക്ഷീയമായി തീരുമാനിച്ച സംഭവത്തോടെയാണ് പൊട്ടിത്തെറിയുടെ വക്കിലെത്തിയത്. ജനപ്രീതിയില്‍ ഏറെ മുന്നിലുള്ള ഇന്ത്യന്‍ വംശജനായ മന്ത്രി ലിയോ വരാദ്കറാണ് വിമതരുടെ തുറുപ്പുചീട്ട്.
പാര്‍ട്ടിയില്‍ കെന്നി ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പിന്തുണ ഏറിയതോടെ പാര്‍ട്ടിയിലും കൂടുതല്‍ ശക്തനായ വരാദ്കര്‍ പുറമേയ്ക്ക് കെന്നിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിമതനീക്കങ്ങള്‍ക്ക് എല്ലാ അനുഗ്രഹാശിസ്സുകളും നല്‍കുന്നുണ്ടെന്നാണ് ഇപ്പോഴും കെന്നിയുടെ കൂടെയുള്ള ചുരുക്കം അംഗങ്ങള്‍ വിശ്വസിക്കുന്നത്. മുതിര്‍ന്ന മന്ത്രിയായ സിമോണ്‍ കോവനിയും ഫലത്തില്‍ കെന്നിക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. അടുത്തിടെ നടന്ന ഫിനഗേല്‍ യോഗങ്ങളിലെല്ലാം ഒരു വിഭാഗം ടിഡിമാര്‍ പരസ്യമായിത്തന്നെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. കെന്നിയുടെ വിശ്വസ്തരായിരുന്നവരെല്ലാം ഏറെക്കുറെ നിശ്ശബ്ദരായിരിക്കുകയുമാണ്.
കെന്നിയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ കാര്യമായി നടക്കുന്നത്. കഴിഞ്ഞ മന്ത്രിസഭാ പുനസംഘടന മുതല്‍ അസംതൃപ്തനായ വരാദ്കര്‍ തന്നെയാണ് വിമതപക്ഷത്തില്‍ ഭൂരിഭാഗത്തിന്റെയും മനസ്സില്‍. സിമോണ്‍ കോവനി, ഇപ്പോള്‍ ഉപനേതൃസ്ഥാനം നിഷേധിക്കപ്പെട്ട ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്, സിമോണ്‍ ഹാരിസ് തുടങ്ങിയ പേരുകളും ഉയര്‍ന്നുവരുന്നുണ്ട്.
അതേസമയം അഭിപ്രായസര്‍വേകളില്‍ ജനപിന്തുണ വര്‍ധിപ്പിച്ച ഫിയനാഫാള്‍ ആഗ്രഹിക്കുന്നത് ഒരു ഇടക്കാല തെരഞ്ഞെടുപ്പാണ്. ഫിനഗേലിലെ തര്‍ക്കം തുടരുകയാണെങ്കില്‍ കാര്യങ്ങള്‍ അങ്ങനെയൊരു ഫലത്തിലേക്ക് നീക്കിക്കൊണ്ടുപോകാനുള്ള അവരുടെ ആഗ്രഹം നടക്കാനാണ് കൂടുതല്‍ സാധ്യത.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: