മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വെള്ളാപ്പള്ളിയുള്‍പ്പെടെ അഞ്ചു പ്രതികളാണ് കേസില്‍ ഉള്ളത്. എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, യോഗം മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ ഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ്, നിലവിലെ എം.ഡി ദിലീപ്  എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണ ധര്‍മ്മവേദി ഉയര്‍ത്തി കൊണ്ടുവന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. എസ്.എന്‍.ഡി.പി യോഗത്തിനു കീഴിലെ സ്വാശ്രയ സംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടി രൂപയില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം. 2003 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. പിന്നാക്ക വികസന കോര്‍പറേഷന്റെ നിബന്ധന പ്രകാരം അഞ്ചു ശതമാനം പലിശക്ക് സംഘങ്ങള്‍ നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം പലിശക്ക് വിതരണം ചെയ്തതെന്നാണ് കണ്ടെത്തല്‍.

ഗുണഭോക്താക്കളെന്ന പേരില്‍ പലരുടെയും വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയെന്നും ആരോപണമുണ്ടായിരുന്നു. ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി വിജിലന്‍സ് കോടതി നേരത്തെ വിലയിരുത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 20 ദിവസം കൂടി വേണമെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതയില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതിനെ എതിര്‍ത്ത വി.എസ്. അച്യുതാനന്ദന്റെ അഭിഭാഷകന്‍ അന്വേഷണത്തില്‍ മതിയായ തെളിവുകള്‍  ലഭിച്ച സാഹചര്യത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ അനുവദിച്ചിരുന്നു.  കോടതി നിര്‍ദേശപ്രകാരം അന്വേഷണം ആരംഭിച്ചിട്ട് ഏഴു മാസം പൂര്‍ത്തിയായതായി അന്വേഷണസംഘം ഓര്‍മിക്കണമെന്നും കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കുമ്പോള്‍ വിജിലന്‍സിന്റെ നിലപാട് വ്യക്തമാക്കേണ്ടി വരുമെന്നും  കോടതി ഓര്‍മിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: