മലയാളികളുടെ ഐ എസ് ബന്ധം: മുംബൈയില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍

മുംബൈ: മലയാളികള്‍ ഐ എസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. മുംബൈ സ്വദേശി റിസ്വാന്‍ ഖാനാണ് അറസ്റ്റിലായിരിക്കുന്നത്. മലയാളികളെ ഐ എസില്‍ എത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കല്യാണില്‍ നിന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയുടെ സഹായത്തോടെയാണ് കേരള പോലീസ് സംഘം റിസ്വാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് റിസ്വാന്‍. ഇസ്ലാമിക് പീസ് ഫൗണ്ടേഷനിലെ അധ്യാപകനായ അര്‍ഷിദ് ഖുറേഷിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആര്‍ഷിദ് ഖുറേഷിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എടിഎസുമായി ചേര്‍ന്ന് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം മുംബൈയില്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഈ റെയ്ഡുകള്‍ക്കിടെയാണ് റിസ്വാന്‍ ഖാന്‍ പിടിയിലായിരിക്കുന്നത്. ഇസ്ലാമിക മതപ്രചാരകന്‍ സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്റെ പൊതുജന സമ്പര്‍ക്ക കാര്യദര്‍ശിയാണ് ഖുറേഷി. പിടിയിലായ ഇരുവരെയും അന്വേഷണസംഘം കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യും.

ഖുറേഷിക്ക് ഐ എസുമായോ കാണാതായവരുമായോ ബന്ധമുണ്ടോ എന്നകാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍. കൊച്ചിയില്‍ നിന്ന് കാണാതായ മെറിന്റെ സഹോദരന്‍ എബിന്‍ ജേക്കബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേരള പോലീസ് സംഘം മുംബൈയിലെത്തിയിരുന്നത്. മതം മാറി ഐ എസില്‍ ചേരാന്‍ തന്നെയും ഖുറേഷി നിര്‍ബന്ധിച്ചിരുന്നെന്നും എബിന്‍ അറിയിച്ചിരുന്നു. കാസര്‍ക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നാണ് മലയാളികളെ കാണാതായിരിക്കുന്നത്. ഇവര്‍ ഐ എസില്‍ ചേര്‍ന്നതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: