അധ്യാപകര്‍ മികച്ച പ്രവര്‍ത്തം നടത്തിയില്ലെങ്കില്‍ ഇനി ആര്‍ക്കും പരാതി നല്‍കാം

ഡബ്ലിന്‍: അധ്യാപകര്‍ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ ഇനി മുതല്‍ ആര്‍ക്കും പരാതി നല്‍കാന്‍ സാധിക്കും. ഇതിന് അനുവാദം നല്‍കുന്ന പുതിയ നിയമം ഇന്നു മുതല്‍ രാജ്യത്ത് നിലവില്‍ വരും. കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിക്കുന്നതിന് വീഴ്ച വരുത്തുകയോ തെറ്റായ നടപടി കൈകൊള്ളുകയോ ചെയ്യുന്നവര്‍ക്കെതിരെ പരാതി നല്‍കാന്‍ എല്ലാവര്‍ക്കും അനുവാദം നല്‍കുന്നതാണ് പുതിയ നിയമം. ഇന്ന് രാവിലെ വിദ്യാഭ്യാസ മന്ത്രി റിച്ചാഡ് ബ്രുട്ടണ്‍ ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ആര്‍ക്കും ഇനി ടീച്ചിങ് കൗണ്‍സിലില്‍ പരാതി നല്‍കാന്‍ കഴിയുമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. പൊതുജനങ്ങള്‍ക്കും മറ്റ് അധ്യാപകര്‍ക്കും  ജോലിക്കാര്‍ക്കും പരാതി നല്‍കാന്‍ സാധിക്കും. അപമര്യാദയായി പെരുമാറുക, മികച്ച പ്രവര്‍ത്തനം നടത്തുന്നതില്‍ വീഴ്ച വരുത്തുക, കുറ്റവാളികളാവുക, ആരോഗ്യപരമായി അധ്യാപനത്തിന് യോഗ്യരല്ലാതാവുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പരാതികളാണ് കൗണ്‍സില്‍ പരിഗണിക്കുക. സാധാരണ ഗതിയില്‍ വിദ്യാലയങ്ങള്‍ പരാതി നല്‍കിയാല്‍ മാത്രമാണ് കൗണ്‍സില്‍ പരാതി സ്വീകരിച്ചിരുന്നത്.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അധ്യാപനം എന്നത് പൊതുവായതും കൂടുതല്‍ ഉത്തരവാദിത്വമുള്ളതുമായ ജോലിയായി മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും താല്‍പര്യമനുസരിച്ച് അധ്യാപകര്‍ മികച്ച നിലവാരമുള്ളവരാകണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും അധ്യാപകര്‍ക്ക് ലഭിക്കുന്ന ബഹുമാനവും അന്തസും ഇവര്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

-sk-

Share this news

Leave a Reply

%d bloggers like this: