ടി എം കൃഷ്ണയ്ക്കും ബെസ്വാഹ വില്‍സണും മഗ്‌സസെ പുരസ്‌കാരം

ന്യൂദല്‍ഹി: പ്രശസ്ത ദക്ഷിണേന്ത്യന്‍ സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്കും സാമൂഹ്യപ്രവര്‍ത്തകന്‍ ബെസ്വാദ വില്‍സണും ഈ വര്‍ഷത്തെ മഗ്‌സസെ പുരസ്‌കാരം. ശെമ്മാങ്കുടിയുടെ ശിഷ്യനായ ടി എം കൃഷ്ണയെ സാമൂഹിക സംഭാവന മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. ജാതിയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നവയാണ് ടി എം കൃഷ്ണയുടെ സംഗീതമെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. തോട്ടിപ്പണിക്കാരായ തൊഴിലാളികളുടെ സംഘടനയായ സഫായി കര്‍മചാരി ആന്ദോളന്റെ ദേശീയ കണ്‍വീനറാണ് പുരസ്‌കാരത്തിന് അര്‍ഹനായ ബെസ്വദ വില്‍സണ്‍.

500 ജില്ലകളിലായി 7000 ത്തോളം അംഗങ്ങളുള്ള സംഘടനയാണ് സഫായി കര്‍മചാരി ആന്ദോളന്‍. തോട്ടിപ്പണിക്കാരില്‍ സംഘബോധം വളര്‍ത്തി ഒരു കുടക്കീഴില്‍ അവരെ അണിനരത്തി തോട്ടിപ്പണി നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം. ദക്ഷിണേന്ത്യന്‍ ശാസ്ത്രീയ സംഗീത രംഗത്തെ യുവാക്കളില്‍ ശ്രദ്ധേയനായ ടി എം കൃഷ്ണ പാട്ടുകളില്‍ രാഗങ്ങള്‍ ഇടകലര്‍ത്തുന്നത് പോലുമെതിര്‍ക്കുന്ന ശുദ്ധസംഗീത വാദിയാണ്. സംഗീതലോകത്തെ അശുദ്ധിയെ അദ്ദേഹം തുറന്നെതിര്‍ത്തിരുന്നു. സംഗീതരംഗത്തെ മുള്ളുകളുള്ള ജാതിവേലി തകര്‍ത്തില്ലെങ്കില്‍ പ്രസിദ്ധമായ ചെന്നൈ സംഗീതോത്സവത്തില്‍ പാടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച വ്യക്തി കൂടിയാണ് കൃഷ്ണ.

കര്‍ണാടക സംഗീതലോകത്തെ ചര്‍ച്ച ചെയ്യപ്പെടാതിരുന്ന ബ്രാഹ്മണിക്കല്‍ വരേണ്യത്വം തുറന്നു പറയാന്‍ ധൈര്യം കാണിച്ച സംഗീതജ്ഞന്‍ കൂടിയാണ് അദ്ദേഹം.  1986 ലാണ് ബെസ്വദ വില്‍സണ്‍ തോട്ടിപ്പണിക്ക് അന്ത്യം കുറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. കര്‍ണാടകയിലെ കോലാറില്‍ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച ബെസ്വദ വില്‍സണ്‍ തന്റെ അച്ഛനടക്കമുള്ള കുടുംബാംഗങ്ങള്‍ തോട്ടിപ്പണിയെടുക്കുന്നത് കണ്ടാണ് വളര്‍ന്നത്. മികച്ച വിദ്യാഭ്യാസം നേടിയിട്ടും വില്‍സണെ തോട്ടിയെന്ന പേര് വിടാതെ പിന്തുടര്‍ന്നു.

ഇന്ത്യയിലെ ജാതിവെറിക്കെതിരെ ശബ്ദമുയര്‍ത്തിയവരാണ് റമണ്‍ മഗ്‌സസെ പുരസ്‌കാരം ലഭിച്ച രണ്ട് പേരും. ജാതിവിലക്കുകള്‍ക്കെതിരെയും ദളിതരുടെ വിമോചനത്തിന് വേണ്ടിയുമുള്ളതായിരുന്നു ഇവരുടെ നിലപാടുകള്‍. ഇവര്‍ക്ക് പുറമെ ജപ്പാന്‍ ഓവര്‍സീസ് കോര്‍പറേഷന്‍ വോളന്റീയേഴ്‌സ്, ലാവോസിലെ വിയന്റിനെ റെസ്‌ക്യു, ഫിലിപ്പീന്‍സില്‍ നിന്നുള്ള കോഞ്ചിത കാര്‍പിയോ മൊരാലസ്, ഇന്തോനേഷ്യയില്‍ നിന്നുള്ള ഡോംപെ ദൗഫ എന്നിവരും ഈ വര്‍ഷത്തെ രമണ്‍ മാഗ്‌സസെ അവാര്‍ഡിന് അര്‍ഹരായി. അവാര്‍ഡിന് അര്‍ഹരായ ആറ് പേരില്‍ രണ്ട് പേരും ഇന്ത്യക്കാരാണെന്ന പ്രത്യേകതയും ഇത്തവണത്തെ അവാര്‍ഡിനുണ്ട്.

-sk-

Share this news

Leave a Reply

%d bloggers like this: