ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയ്ക്ക് ഇന്ന് 90-ാം പിറന്നാള്‍

ഹവാന: ഇന്ന് ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ തൊണ്ണൂറാം ജന്‍മദിനം. 90-ാം വയസിലും ആഗോള വിപ്ലവ പ്രസ്ഥാനങ്ങളുടെ ആവേശമാണ് കാസ്‌ട്രോ. ഇന്ന് ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരില്‍ മാര്‍ക്ക്‌സിസ്റ്റ്‌ലെനിനിസ്റ്റ് വിജ്ഞാനത്തിന്റെയും ഇതര സാമൂഹികശാസ്ത്രസാഹിത്യ മേഖലകളിലുമുള്ള വിജ്ഞാനത്തിന്റെയും നിറകുടമാണ്. 1926 ഓഗസ്റ്റ് 13നാണ് ഫിദല്‍ കാസ്ട്രാ ജനിച്ചത്. എംഗല്‍ കാസ്‌ട്രോ ആര്‍ഗീസിന്റെയും ലീനറൂസ് ഗൊണ്‍സാലസിന്റെയും മകനായിട്ടായിരുന്നു ജനനം.

ലാറ്റിനമേരിക്കയിലെ ദ്വീപസമൂഹമായ ക്യൂബയിലായിരുന്നു ഫിദലിന്റെ ജനനം. 600 ല്‍ അധികം കൊലപാതക ശ്രമങ്ങളെ അതിജീവിച്ച വിപ്ലവ നായകന്റെ ജന്മദിനം ഏറ്റവും വലിയ ആഘോഷമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ബാല്യകാലത്തുതന്നെ അനീതിക്കും മതനീതിക്കുമെതിരെ പോരാടുവാനുള്ള വാസന കാസ്‌ട്രോ പ്രകടിപ്പിച്ചിരുന്നു. അഴിമതിക്കും, അനീതിക്കുമെതിരെ പോരാടുന്ന ക്യൂബന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ 1947 ല്‍ ഇരുപത്തിയൊന്നാം വയസില്‍ അംഗമായി ചേര്‍ന്നു.

നിയമബിരുദമെടുത്തശേഷം ഹവാനയില്‍ വക്കീലായി ജോലി തുടങ്ങിയ അദ്ദേഹം ദരിദ്ര്യരുടെ കേസുകള്‍ ഫീസുവാങ്ങാതെയായിരുന്നു നടത്തിയിരുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചൂഷണമാണ് തന്റെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് ഫിദല്‍ തിരിച്ചറിഞ്ഞു. പ്രശ്‌നപരിഹാരത്തിന് അധികാരം അനിവാര്യമാണെന്ന് മനസ്സിലാക്കിയ ഫിദല്‍ 1952ല്‍ ക്യൂബന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ സ്ഥാനാര്‍ഥിയായി.

ആരെയും ആകര്‍ഷിക്കുന്ന ഉജ്ജ്വല പ്രസംഗം, പെരുമാറ്റം, നീതിബോധം, ജനങ്ങളുടെ ആവേശമായി ഫിദല്‍ മാറി. ചരിത്രപ്രസിദ്ധമായ ക്യൂബന്‍ വിപ്ലവത്തിലൂടെയാണ് കാസ്‌ട്രോ, ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുത്തത്. ജനപിന്തുണയില്‍ 1959 ജനുവരി ഒന്‍പതിന് ഫിദല്‍ കാസ്‌ട്രോ ഭരണം ഏറ്റെടുക്കുകയും ക്യൂബയെ ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റു രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഫിദല്‍ കാസ്‌ട്രോയുടെ ജന്മദിനം അവിസ്മരണീയമാക്കാന്‍ ഒരുങ്ങുകയാണ് ക്യൂബയിലെ സിഗരറ്റ് നിര്‍മാതാവ്. 90 മീറ്റര്‍ നീളമുള്ള ചുരുട്ട് നിര്‍മിച്ച് കാസ്‌ട്രോക്ക് നല്‍കാനാണ് സിഗാര്‍ നിര്‍മാതാവായ ജോസ് കാസ്റ്റ്‌ലറുടെ തീരുമാനിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സിഗരറ്റാണ് ഇതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: