ചരിത്രം കുറിച്ച് സിന്ധു; ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ വെള്ളി

റിയോ ഡി ഷാനെറേ: റിയോ ഒളിംപിക്‌സ് വനിതാ ബാഡ്മിന്റനില്‍ വെള്ളി മെഡലുമായി പി.വി.സിന്ധു ചരിത്രം കുറിച്ചു. ഫൈനലില്‍ സ്‌പെയിന്റെ ലോക ഒന്നാം നമ്പര്‍ താരം കരോലിന മരിനോട് കീഴടങ്ങിയതോടെയാണ് സിന്ധുവിന്റെ നേട്ടം വെള്ളിയിലൊതുങ്ങിയത്. ശക്തമായ പോരാട്ടം കാഴ്ചവച്ച് ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധു, അവസാന രണ്ടു ഗെയിമുകളും നഷ്ടപ്പെടുത്തി. സ്‌കോര്‍: 19-21, 21-12, 21-15.

ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ ബാഡ്മിന്റന്‍ സിംഗിള്‍സ് വെള്ളിയാണിത്. വ്യക്തിഗത ഇനത്തില്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ വനിതാ താരം വെള്ളി നേടുന്നതും ഇതാദ്യമാണ്. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ സൈന നെഹ്‌വാള്‍ ഇന്ത്യയ്ക്കു വേണ്ടി വെങ്കലം നേടിയിരുന്നു. ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ തീപാറുന്ന പ്രകടനമായിരുന്നു സിന്ധുവിന്റേത്. സ്പാനിഷ് താരത്തിനെതിരെ സര്‍വകരുത്തുമെടുത്തുള്ള പോരാട്ടമായിരുന്നു ലോക പത്താം റാങ്കുകാരിയായ സിന്ധുവിന്റേത്. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ലീഡെടുത്ത മരിനെതിരെ മന്ദഗതിയിലാണെങ്കിലും തിരിച്ചടിച്ച സിന്ധു, നിര്‍ണായക ഘട്ടത്തിലെ മികച്ച പ്രകടനത്തിലൂടെ ഗെയിം നേടി. തുടര്‍ച്ചയായി അഞ്ചു പോയിന്റുകള്‍ നേടിയ സിന്ധു, 21-19ന് ഗെയിം സ്വന്തമാക്കി.

എന്നാല്‍ രണ്ടാം ഗെയിമില്‍ കളി മാറി. കരോലിന ശക്തമായി തിരിച്ചടിച്ചതോടെ സിന്ധുവിന് കാലിടറി. മികച്ച സ്മാഷുകളും അവസരോചിതമായ പ്ലെയിസിങ്ങുകളുമായി കരോലിന സിന്ധുവിനെ വിറപ്പിച്ചു. സിന്ധുവിന്റെ തിരിച്ചുവരവിനുള്ള ശ്രമമെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ കരോലിന 2112ന് ഗെയിം സ്വന്തം പേരിലാക്കി.നിര്‍ണായകമായ മൂന്നാം ഗെയിമിലും തുടക്കത്തില്‍ കരോലിന മുന്നേറി. ഒപ്പം പിടിച്ച സിന്ധു ശക്തമായ വെല്ലുവിളി ഉയര്‍ത്തിയതോടെ മല്‍സരം ആവേശകരമായി. തുടക്കത്തില്‍ പിന്നിലായിപ്പോയ സിന്ധു മികച്ച സ്മാഷുകളിലൂടെ കരോലിനയ്ക്ക് ഒപ്പമെത്തി. കൃത്യസമയത്ത് മനഃസാന്നിധ്യം വീണ്ടെടുത്ത കരോലിന 21-15ന് ഗെയിമും സ്വര്‍ണവും സ്വന്തമാക്കി.

Share this news

Leave a Reply

%d bloggers like this: