പാകിസ്താന്‍ ചൈനയുമായി വന്‍ ആയുധ ഇടപാടിന് ഒരുങ്ങുന്നു

ബെയ്ജിങ്: ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളായ ചൈനയും പാകിസ്താനും വന്‍ ആയുധ ഇടപാടിന് ഒരുങ്ങുന്നു. യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എട്ട് അന്തര്‍വാഹിനികള്‍ ചൈനയില്‍ നിന്ന് പാകിസ്താന്‍ വാങ്ങും. ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധക്കൈമാറ്റമാണിത്. 2028 ഓടെ ഏകദേശം 500 കോടി ഡോളര്‍ ചെലവിലാകും പാകിസ്താന്‍ അന്തര്‍വാഹിനി വാങ്ങുക. നാല് അന്തര്‍വാഹിനികള്‍ 2018ല്‍ ചൈന പാകിസ്താന് നല്‍കും. മറ്റു നാലെണ്ണം 2023 നകം കൈമാറും.

പാകിസ്താന് നിലവില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നത് ചൈനയാണ്. ചൈനീസ് നാവികസേന വിദഗ്ദര്‍  യുദ്ധാവശ്യങ്ങള്‍ക്കായി പത്യേകം രൂപകല്പന ചെയ്ത അന്തര്‍വാഹിനികളെ കൂടാതെ ടൈപ്പ് 039, ടൈപ്പ് 041 എന്നീ പരമ്പാരഗ അന്തര്‍വാഹിനികളും ചൈന പാകിസ്താന് നല്‍കും. ചൈന-പാകിസ്താന്‍ സൈനിക ബന്ധത്തെ അതീവ ജാഗ്രതയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ഇതിനെതിരെ യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.

പാകിസ്താന്റെ ആണവായുധ നിര്‍മ്മാണത്തെ ചൈന രഹസ്യമായി സഹായിക്കുന്നതായും ഇത് യു എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നതായും യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കശ്മീര്‍ പ്രശ്‌നം രൂക്ഷമായിരിക്കെ പാക്-ചൈന ബന്ധം ഇന്ത്യയ്ക്കും ആശങ്കയുളവാക്കുന്നതാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ആണവായുധ ഇടപാടുകള്‍ക്ക് ശ്രമിക്കുന്നതായി അമേരിക്ക നേരത്തേ ആരോപിച്ചിരുന്നു.

ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന-പാക് സംയുക്ത സൈനിക നീക്കവും നേരത്തേ വാര്‍ത്തയായിരുന്നു. ഇതിനിടയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധ ഇടപാടും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക താവള സഹകരണം ചൈനയും പാകിസ്താനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. കരാര്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സന്തുലനം തകര്‍ക്കുമെന്നു കാണിച്ച് ചൈന രംഗത്തെത്തിയിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: