മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജലന്‍സ് റെയ്ഡ്

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു. ബാബുവിന്റെ രണ്ട് മക്കളുടെ വീടുകളിലും ബിനാമികളെന്ന് കരുതുന്നവരുടെ വീടുകളിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തുകയാണ്. ഏഴോളം കേന്ദ്രങ്ങളിലാണ് പരിശോധന. വിവിധ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.

ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ നല്‍കിയിരുന്നു. ഇതില്‍ അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുവകകളും ആസ്തിയും പരിശോധിക്കാനാണ് റെയ്ഡ്. അതിരാവിലെ തന്നെ വിജിലന്‍സ് സംഘം ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള വസതിയിലടക്കം ഏഴോളം കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന തുടങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാബു നടത്തിയ ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്.

തൊടുപുഴയിലെ മകളുടെ വീട്ടിലും പാലാരിവട്ടത്തുള്ള മറ്റൊരു മകളുടെ വീട്ടിലും റെയ്ഡ് തുടരുകയാണ്. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ അഞ്ചു സംഘമായാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. കൂടാതെ ബാബുവിന്റെ അടുത്ത സുഹൃത്തുക്കളുടെയും ബിനാമികളെന്നു സംശയിക്കുന്നവരുടെയും വീടുകളിലും പരിശോധന നടത്തുന്നുണ്ട്. മോഹനന്‍ എന്നയാള്‍ തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പണം എവിടെനിന്നു കിട്ടി, ബാബുവുമായുള്ള ബന്ധം എന്നിവയാണ് അന്വേഷിക്കുന്നത്.

മോഹനന്‍, ബാബുറാം എന്നിവര്‍ ബാബുവിന്റെ ബിനാമികളാണെന്നും എഫ്ഐആര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: