ചോരക്കളിയുടെ രാഷ്ട്രീയവുമായി കണ്ണൂര്‍

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പകയുടെയും കൊലപാതകത്തിന്റെയും രാഷ്ട്രീയം കളിക്കുമ്പോള്‍ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായികൊണ്ടിരിക്കുന്നത്. സിപിഎം ബിജെപി രാഷ്ട്രീയ പകയുടെ ഭാഗമായി കണ്ണൂരില്‍ വീണ്ടും തുടങ്ങിയിരിക്കുന്ന കൊലപാതകങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. അക്രമം, കൊലപാതകം, ഹര്‍ത്താല്‍ – കേരളത്തിലെ പ്രധാനമായും കണ്ണൂരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യമാണിത്.

നാല്പത്തെട്ട് മണിക്കൂറിനുള്ളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കാണ് ഈ ആഴ്ച കേരളം സാക്ഷ്യം വഹിച്ചത്. സിപിഎം പ്രവര്‍ത്തകന്‍ മോഹനനെ വെട്ടികൊന്നതിനോടനുബന്ധിച്ച് ആര്‍എസ്സ്എസ്സ് കാരനായ രമിത്തിനെ കുറേപേര്‍ചേര്‍ന്ന് വെട്ടിക്കൊന്നു. ഈ കൊലപാതകത്തില്‍ പ്രധിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ കേരളത്തിലെ ജനജീവിതം സ്തംഭിച്ചു. ജനങ്ങള്‍ക്ക് രാക്ഷ്ട്രീയത്തോട് വെറുപ്പ് തോന്നിപ്പിക്കുന്ന രീതിയിലുള്ള സംഭവങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്നത്.

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 37 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്നാണ് നിയമസഭയില്‍ നല്‍കപ്പെട്ട കണക്ക്. കഴിഞ്ഞ 4 മാസത്തിനുള്ളില്‍ കണ്ണൂരില്‍ മാത്രം 6 രാഷ്ട്രീയ കൊലപാതകങ്ങളാണ് അരങ്ങേറിയത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അഞ്ഞുറോളം രാഷ്ട്രീയ സംഘട്ടനങ്ങള്‍ കേരളത്തില്‍ ഉണ്ടായി. നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യുറോയുടെ കണക്കനുസരിച്ച് രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം.

കൊല ചെയ്താലും രക്ഷിക്കാന്‍ നേതൃത്വം ഉണ്ടെന്നതാണ് ഒടുങ്ങാത്ത ഈ നരഹത്യയ്ക്ക് കാരണം. ജയിലില്‍ കിടക്കാനും തെളിവില്ലെന്ന് വരുത്തിത്തീര്‍ത്ത് രക്ഷപ്പെടുത്താനും നേതാക്കള്‍ കൂട്ടുനില്‍ക്കുമ്പോള്‍ വധശിക്ഷ സ്വയം പ്രഖ്യാപിച്ച് എതിര്‍വിഭാഗവും കൊല്ലാന്‍ തയാറെടുക്കുന്നു. നേതാക്കളുടെ സഹകരണവും സാമ്പത്തിക പിന്തുണയും ഇല്ലാതെ ഇത്തരം കൊലപാതകങ്ങള്‍ നടപ്പില്ലെന്ന് തീര്‍ച്ചയാണ്.

രാഷ്ട്രീയ കക്ഷികളുടെ വീര്യം കാട്ടാന്‍ കൊലകള്‍ നടത്തുകയും അതുവഴി പാവപ്പെട്ട പ്രവര്‍ത്തകരെ കൊലക്കത്തിക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന സമ്പ്രദായവും അവസാനിപ്പിക്കണം. കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും സാധാരണകാരായ പ്രവര്‍ത്തകരാണ്. ജനങ്ങളോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് അല്പം സ്വസ്ഥത കൊടുക്കണം. സാക്ഷര കേരളത്തിന് അപമാനമാകുന്ന ഇത്തരം ചെയ്തികള്‍ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ തല കുനിക്കുമാറാക്കുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: