ഇടുക്കിക്ക് വെളിച്ചമേകാന്‍ ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പുതിയ പദ്ധതി

ഇടുക്കി : ആധുനിക ലോകത്തിലെ അതിനൂതനമായ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പുതിയ തലമുറയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന സമഗ്ര വിദ്യാഭ്യാസ പരിശീലന പരിപാടി ഐസ് (എന്‍വിഷന്‍ഡ് യൂത്ത് ഫോര്‍ എന്റിച്ചഡ് സൊസൈറ്റി) പ്രവര്‍ത്തനം ആരംഭിച്ചു. ജോയ്സ് ജോര്‍ജ്ജ് എംപി രൂപം നല്‍കിയ ഈ വിദ്യാഭ്യാസ പരിശീലന പരിപാടി ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കുളുകളിലാണ് നടപ്പാക്കുന്നത്.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നകുട്ടികളെ തെരഞ്ഞെടുത്ത് ഉപരിപഠനത്തിലൂടെ തൊഴില്‍സാധ്യതകളുടെ ലോകത്തിലേക്ക് ആനയിക്കുന്ന ഒരു സമഗ്ര പരിശീലന പരിപാടി ആണ് ഇത്. 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ‘ഐസ്’ വിദ്യാഭ്യാസ പരിശീലന പരിപാടി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്ഡസ്ട്രീസുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. രാജ്യാന്തര പരിശീലന സ്ഥാപനമായ എസ് ബി ഗ്ലോബലിനാണ് പരിശീലന ചുമതല. തെരഞ്ഞടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായാണ് പരിശീലനം. പഠനോപകരണങ്ങളും സൗജന്യമായി നല്‍കും.

കൃത്യമായ ആസൂത്രണവും പരിശീലനവും ഇല്ലാത്തതുമൂലം ഉന്നതസ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാതെ പോകുന്ന വിദ്യാര്‍ത്ഥികളെ സ്ഥിരോത്സാഹികളാക്കി മാറ്റി പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. ഇടുക്കിയുടെ സമ്പന്നമായ മനുഷ്യ വിഭവ ശേഷിയുടെ ശരിയായ വിനിയോഗമാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം വ്യക്തിത്വ വികസനം, ആശയവിനിമയ ശേഷി, നേതൃത്വ ഗുണങ്ങള്‍, ഭാഷാപരമായ അറിവ് വര്‍ദ്ധിപ്പിക്കല്‍, സാമൂഹിക ഇടപെടലുകളില്‍ പങ്കാളിത്തം തുടങ്ങിയവ ഈ പരിശീലന പരിപാടികളുടെ ഭാഗമായി നടത്തപ്പെടും. ഒരു വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ പരിശീലനവും ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ മൂന്ന് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും, ഒരു സിബിഐസി സ്‌കൂളും, എഴുപത് സംസ്ഥാന സിലബസിലുള്ള സ്‌കൂളുകളും ഉള്‍പ്പടെ എഴുപത്തിനാല് സ്‌കൂളുകളിലാണ് ആദ്യ ഘട്ടത്തില്‍ പരിശീലന പരിപാടി. ഒരു സ്‌കൂളില്‍ അറുപത് വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഒരു ബാച്ച് വീതം തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ ചോല, ദേവികുളം, കോതമംഗലം, മുവാറ്റുപുഴ മണ്ഡലങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 4,500 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒന്നാം ഘട്ടപരിശീലനം നല്‍കുന്നത്. ഈ പുതിയ പദ്ധതി ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വും ഉന്മേഷവും പകരുന്നതാണ്.
എ എം

Share this news

Leave a Reply

%d bloggers like this: