കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചിട്ടില്ലെന്ന് സമര്‍ത്ഥിച്ച് എം സ്വരാജും പിസി ജോര്‍ജ്ജും

ലണ്ടന്‍ : കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ലണ്ടനില്‍ നിന്ന് എം സ്വരാജും പിസി ജോര്‍ജ്ജും. 2016 സെപ്റ്റംബറിലായിരുന്നു കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്ന വാര്‍ത്ത വന്നത്. തന്റെ പ്രസിദ്ധമായ അടിസ്ഥാന വര്‍ഗ സിദ്ധാന്തം ഇവിടെ അവതരിപ്പിച്ചുവെന്നും താന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മീറ്റിങ്ങുകള്‍ക്കായി മുന്‍കൂട്ടിയുള്ള ആവശ്യപ്രകാരം വിട്ടുനല്‍കുന്ന ഹാളിലാണ് കെഎം മാണി സംസാരിച്ചതെന്നാണ് സ്വരാജും പിസി ജോര്‍ജ്ജും വ്യക്തമാക്കുന്നത്.

“ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധാരാളം മുറികളുണ്ട്. അവിടെയൊക്കെ എല്ലാ ദിവസവും മീറ്റിങ്ങുകള്‍ നടക്കും. ഒരു ദിവസം അന്‍പതും നൂറും യോഗങ്ങള്‍ വരെ നടക്കും. മുന്‍കൂട്ടിയുള്ള ആവശ്യപ്രകാരം യോഗങ്ങള്‍ക്കായി മുറികള്‍ വിട്ട് നല്‍കുകയും ചെയ്യും. ഞങ്ങളുടെ മൂന്ന് നാല് മീറ്റിങ്ങുകളും ഒരു ദിവസത്തെ ഉച്ചഭക്ഷണവും പാര്‍ലമെന്റ് മന്ദിരത്തിലെ ഇത്തരം ഹാളിലായിരുന്നു”. ഇങ്ങനെയൊരു മുറിയില്‍ മുമ്പൊരിക്കല്‍ നടന്ന ഒരു യോഗത്തില്‍ ശ്രീ.കെഎം മാണി പങ്കെടുത്തതിനെയാണ്, “കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചു” എന്ന് പത്രങ്ങള്‍ വെച്ച് കാച്ചിയതെന്നും സ്വരാജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചുവെന്ന തരത്തിലുള്ള മാണിയുടെ പ്രചാരണം മോശമായിപോയെന്ന് പിസി ജോര്‍ജ്ജും പറഞ്ഞു. സന്ദര്‍ശകര്‍ വന്ന് പ്രസംഗിക്കുന്ന ഹാളിലാണ് മാണിയും പ്രസംഗിച്ചത്. അദ്ദേഹം നുണ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പിസി ജോര്‍ജ്ജിന്റെ പ്രതികരണം. ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ ക്ഷണപ്രകാരം ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് സ്വരാജ് ബ്രിട്ടീഷ് പാര്‍ലമെന്റ് സന്ദര്‍ശിച്ചത്. അതേസമയം പിസി ജോര്‍ജിന്റേത് സ്വകാര്യ സന്ദര്‍ശനമാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: