കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചു; പിതാവിനെതിരെ നടപടി

മുക്കം : അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാന്‍ പിതാവ് സമ്മതിച്ചില്ല. 5 ബാങ്ക് വിളിക്ക് ശേഷം മാത്രമേ നവജാത ശിശുവിന് പാല്‍കൊടുക്കാന്‍ പാടുള്ളുവെന്ന് പറഞ്ഞ് മുലപ്പാല്‍ കൊടുക്കുന്നത് തടഞ്ഞ പിതാവിന്റെ വാശി ഉമ്മയെയും ആശുപത്രി അധികൃതരെയും വലച്ചു. മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ രണ്ട് മണിയോടെയാണ് കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ അബുബക്കര്‍ സിദ്ധിക്കിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ കുട്ടിയുടെ പിതാവ് ഇത് തടഞ്ഞു. 5 ബാങ്ക് വിളി കേള്‍ക്കാതെ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കരുതെന്ന് യുവാവ് ഭാര്യയോടും ആശുപത്രി അധികൃതരോടും പറഞ്ഞു. ഇതനുസരിച്ച് വ്യാഴാഴ്ച ഉച്ചബാങ്ക് കഴിഞ്ഞേ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ കഴിയൂ. ഇത് നവജാത ശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും യുവാവ് വഴങ്ങിയില്ല. കുഞ്ഞിന് അഞ്ചു നേരത്തെ ബാങ്ക് കഴിയാതെ മുലപ്പാല്‍ കൊടുക്കരുതെന്നും ജപിച്ച് ഓതിയ വെള്ളം മാത്രമേ നല്‍കാവൂ എന്നും യുവാവ് വാശി പിടിക്കുകയായിരുന്നു.

കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ ഉത്കണ്ഠകുലരായ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയറിലും പോലീസിലും വിവരമറിയിച്ചു. തുടര്‍ന്ന് എസ്ഐ സലീമിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംസാരിച്ചിട്ടും യുവാവ് വിശ്വാസത്തില്‍ ഉറച്ചുനിന്നു. ജനിച്ച ഉടനെ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ലെങ്കില്‍ കുഞ്ഞിന് അപസ്മാരം അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാരും പോലീസും ഇയ്യാളോട് പറഞ്ഞുവെങ്കിലും സമ്മതിച്ചില്ല.

സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവിനെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത് അറിയിച്ചു. നവജാത ശിശുവിനെ പട്ടിണിക്കിടാന്‍ ഒരു മതവും പറയുമെന്ന് കരുതാന്‍ വയ്യെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനോട് ഈ ക്രൂരത ചെയ്ത യുവാവിനും അതിന് പ്രേരിപ്പിച്ചവരും നല്ല ചികിത്സ ആവശ്യമുള്ളവരാണെന്ന് കളക്ടര്‍ പറഞ്ഞു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: