പുലിമുരുകന്‍ ആദ്യവാരം നേടിയത് 1 ലക്ഷം പൗണ്ട് ; അയര്‍ലണ്ടില്‍ രണ്ടാം വാരവും പ്രദര്‍ശനം

പിജെ എന്റര്‍ടെയിന്മെന്റ് റിലീസ് ചെയ്ത മലയാള സിനിമ പുലിമുരുകന്‍ യൂറോപ്പിലെ തിയേറ്ററുകളിലും സര്‍വ്വകാല റെക്കോര്‍ഡും ഭേദിച്ച് മുന്നേറുന്നു. യുറോപ്പില്‍ ആദ്യമായാണ് ഒരു മലയാള സിനിമ ഈ ചരിത്ര നേട്ടം കൈവരിക്കൂന്നത്. പുലിമുരുകന്റെ ഈ വിജയം യൂറോപ്പില്‍ റീലീസാകുന്ന ഇന്‍ഡ്യന്‍ സിനിമകളുടെ യശസ്സ് പതിമടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇതാദ്യമായി 100 കോടിരൂപ കളക്ഷന്‍ നേടിയ മലയാള സിനിമയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് രണ്ടുവാരങ്ങള്‍ പിന്നിട്ട് യൂറോപ്പിലും പുലിമുരുകന്‍ ജനഹൃദയങ്ങള്‍ കീഴടക്കുന്നത്. മലയാളികളെ മാത്രമല്ല, യൂകെയിലേയും യൂറോപ്പിലേയും തദ്ദേശീയരേയും പുലിമുരുകന്റെ സാഹസികത ആവോളം ത്രസിപ്പിക്കുന്നു. സാങ്കേതികത്തികവിനും ആധുനിക ശബ്ദവിന്യാസത്തിനുമൊപ്പം മോഹന്‍ലാല്‍ എന്ന മഹാനായ നടന്റെ അഭിനയ വൈഭവവും ഒത്തിണങ്ങിയപ്പോള്‍ പുലിമുരുകന്‍, ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഇതേവരെ കാണാനാകാത്ത ദൃശ്യമനോഹാരിതയും സാഹസികതയും സസ്‌പെന്‍സും ത്രില്ലുമൊക്കെ സമന്വയിപ്പിച്ച് സമ്മാനിക്കുന്നു.

യൂറോപ്പ് മലയാളികള്‍ ഇത്രയധികം നെഞ്ചേറ്റിയ ഒരു മലയാള സിനിമ സമീപ ഭാവിയില്‍ ഇല്ലയെന്നുതന്നെ പറയാം. 14 രാജ്യങ്ങളിലെ 141 തിയറ്ററുകളിലായി റിലീസ് ചെയ്ത പുലിമുരുകന്‍, യുറോപ്പിലെ സകല റിക്കോര്‍ഡുകളേയും ഭേദിച്ചാണ് മുന്നേറുന്നത്. ഒരു സാധാരണ മലയാളിയുടെ സാഹസികതയും ധൈര്യവും ലോകത്തിനുമുന്നില്‍ കാഴ്ചവെയ്ക്കുന്ന പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്ന യൂറോപ്പിലെ തിയേറ്ററുകളൊന്നും ഇതുവരേയും ഹൗസ് ഫുള്‍ ആകാതെയിരുന്നിട്ടുമില്ല.

ഇതിനുമുമ്പ് അയര്‍ലണ്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ടൂ കണ്‍ട്രീസിന്റെ റെക്കോര്‍ഡും വെറും അഞ്ചുദിവസം കൊണ്ട് പുലിമുരുകന്‍ തകര്‍ത്തു. യൂറോപ്പിലാകെ റിലീസ് ചെയ്ത 86 തിയറ്ററുകളിലും ഹൗസ് ഫുള്‍ ആയതിനെ തുടര്‍ന്ന് രണ്ടാം വാരവും പുലിമുരുകന്‍ വേട്ട തുടരുന്നു. ഡബ്ലിന്‍ സാന്‍ട്രിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ടിക്കറ്റ് ലഭ്യമല്ലായിരുന്നു.

2001 മുതല്‍ യുകെയിലും അയര്‍ലണ്ടിലും റിലീസിങ്ങ് തുടങ്ങിയ പി.ജെ എന്റര്‍ടെയ്‌മെന്റ് ഇന്ന് 14 രാജ്യങ്ങളിലായി 141 തിയറ്ററുകളില്‍ റിലീസിങ്ങ് ഒരേദിവസം എത്തിക്കുന്ന രീതിയില്‍ വളര്‍ന്നൂ. 1998 പിതാവ് തുടങ്ങിയ വിതരണ കമ്പനിയാണ് പി.ജെ എന്റെര്‍ടെയ്‌മെന്റ് എന്ന പേരില്‍ യൂറോപ്പിലെ ഏറ്റവും വലിയ സൗത്ത് ഇന്‍ഡ്യന്‍ സിനിമാ റിലീസിങ്ങ് കമ്പനിയായി മാറിയതെന്ന് കമ്പനിയുടെ ഉടമ പ്രജീഷ് കുമാര്‍ അറിയിച്ചു.

സ്വകാര്യ തിയറ്ററുകളിലെ കണക്കുകള്‍ ഉള്‍പ്പെടുത്താതെ പുറത്തുവരുന്ന ആദ്യ ആഴ്ചയിലെ പുലി മുരുകന്റെ നേട്ടം ഒരു ലക്ഷം പൗണ്ട് കഴിഞ്ഞു. ഈ വിവരം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തെ അറിയിച്ചതായി പ്രജീഷ് പറഞ്ഞു. പുലിമുരുകന്റെ ഈ വിജയം അണിയറ പ്രവര്‍ത്തകരുമായി ലണ്ടനില്‍ ആഘോഷിക്കുവാനൂള്ള തയ്യാറെടുപ്പിലാണ് പി ജെ എന്റെര്‍ടെയ്‌മെന്റ്‌സ് ഇപ്പോള്‍.

CLICK HERE FOR THIS WEEK SHOW TIMES

CLICK HERE FOR NEXT WEEK SHOW TIMES

 

 

Share this news

Leave a Reply

%d bloggers like this: