ട്രംപ് ഇംപീച്ച്മെന്റിലൂടെ പുറത്താക്കപ്പെടുമെന്ന് പ്രവചിച്ച് പ്രൊഫസര്‍ അലന്‍ ലിച്ച്മാന്‍ വീണ്ടും രംഗത്ത്

വാഷിംഗ്ടണ്‍ : ട്രംപ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ വിജയം മുന്‍കൂട്ടി പ്രവചിച്ച പ്രൊഫസര്‍ അലന്‍ ലീച്ച്മാന്റെ പുതിയ പ്രവചനം. ഇംപീച്ച്മെന്റ് നടപടിയിലൂടെയാണ് ട്രംപ് പുറത്താക്കപ്പെടുക എന്നാണ് ലീച്ച്മാന്‍ പറയുന്നത്. കുറ്റവിചാരണയിലൂടെ പ്രസിഡന്റിന്റെ പുറത്താക്കുന്ന നടപടിയാണ് ഇംപീച്ച്മെന്റ്. ഇംപീച്ച്മെന്റ് നടപടിയിലൂടെ ട്രംപ് പുറത്ത്‌പോയാല്‍ വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സോ അല്ലെങ്കില്‍ റിപ്പബ്ലിക്കന്‍ നിരയിലെ വിശ്വസ്തനായ മറ്റൊരാളോ തലസ്ഥാനത്തേക്ക് എത്തുമെന്നും ലീച്ച്മാന്‍ പ്രവചിക്കുന്നു. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുന്ന പ്രസിഡന്റിനെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് താത്പര്യം.

“ട്രംപിന്റെ വ്യക്തിത്വം പ്രവചനത്തിന് അതീതമാണ്. അതുകൊണ്ട് പാര്‍ട്ടിക്ക് ട്രംപിനെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ പുറത്താക്കാനുള്ള അവസരം ട്രംപ് തന്നെ സൃഷ്ടിക്കാനാണ് സാദ്ധ്യത.”

സ്വാഭാവികമായും റിപ്പബ്ലിക്കന്‍ നിരയില്‍ വിശ്വസ്തനും മിതവാദിയുമായ മൈക്ക് പെന്‍സിലേക്ക് തിരിയുമെന്നും ലീച്ച്മാന്‍ പ്രവചിക്കുന്നു. രാജ്യത്തെ അപകടപ്പെടുത്തുന്ന തീരുമാനത്തിന്റെ പേരിലാകും ട്രംപ് ഇംപീച്ച്മെണ്ട് നടപടി നേരിടുകയെന്നും ലിച്ച്മാന്‍ പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലീച്ച്മാന്റെ പ്രവചനങ്ങള്‍ ഇതുവരെ തെറ്റാത്ത സ്ഥിതിക്ക് ആകാംഷയോടെയാണ് ജനങ്ങള്‍ പുതിയ പ്രവചനത്തെയും നോക്കികാണുന്നത്. തെരെഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ മുന്നിലെന്ന് മാധ്യമങ്ങളും ജനവും വിശ്വസിച്ചിരിക്കുമ്പോഴാണ് ‘പ്രഡിക്ഷന്‍ പ്രൊഫസര്‍’ എന്ന് അറിയപ്പെടുന്ന ലീച്ച്മാന്‍ ട്രംപ് വിജയിക്കുമെന്ന് മുന്‍കൂട്ടി പറഞ്ഞത്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രകടനവും തെരഞ്ഞെടുപ്പുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്നതായിരുന്നു തന്റെ പ്രവചനത്തിന് ആധാരമായി ലിച്ച്മാന്‍ എടുത്ത് പറഞ്ഞത്.
എ എം

Share this news

Leave a Reply

%d bloggers like this: