ബ്രക്സിറ്റ് തന്റെ ഉറക്കം കെടുത്തുന്നതായി തെരേസ മേയ്

ലണ്ടന്‍: ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട ചിന്തകളും സങ്കീര്‍ണമായ നടപടിക്രമങ്ങളും തന്റെ ഉറക്കം കുറയ്ക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് . പലപ്പോഴും അസ്വസ്ഥമായി ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാറുണ്ടെന്നും ബ്രിട്ടനിലെ ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തെരേസ മേയ് പറഞ്ഞു.

യൂണിയനില്‍ നിന്നും പുറത്തുകടക്കാനുള്ള ചര്‍ച്ചകളും നടപടികളും തികച്ചും സങ്കീര്‍ണമാണെന്നും രാജ്യം വെല്ലുവിളി നേരിടുന്ന ഘട്ടമാണ് ഇപ്പോഴുള്ളതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത് ഏറ്റവും വെല്ലുവിളികള്‍ നേരിട്ട സമയത്തായിരുന്നു. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ രാത്രി ഏറെ നേരം നീളാറുണ്ട്. ഈ ജോലിയില്‍ ഉറങ്ങാനുള്ള സമയം അധികം ലഭിക്കില്ലെന്നും അവര്‍ പറഞ്ഞു.

‘മാറ്റത്തിന്റെ കാലഘട്ടമാണിത്. എല്ലാവരുടെയും താല്‍പര്യം സംരക്ഷിച്ച് മുന്നോട്ട് പോകുവാനാണ് ശ്രമിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്മാറ്റത്തെത്തുടര്‍ന്ന് രണ്ടുവര്‍ഷത്തിന് ശേഷം ഉണ്ടാകുന്ന വിപണി സാഹചര്യങ്ങളെ നേരിടേണ്ടതുണ്ട്. പുതിയ ദൗത്യങ്ങള്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.

അതേസമയം നിലവിലെ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്നു പിന്‍വാങ്ങുന്നതോടെ ഏകവിപണിയില്‍ തുടരണമോ എന്നതില്‍ ബ്രിട്ടിഷ് സര്‍ക്കാരിന് നിയമപ്പോരാട്ടം നേരിടേണ്ടിവരുമെന്നു വിലയിരുത്തല്‍. ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതായി നിയമവിദഗ്ധര്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോയാലും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നു പുറത്താവരുതെന്ന് ഇ.യു മന്ത്രിമാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യൂണിയനില്‍ നിന്നു പുറത്താവുന്നതോടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നു തങ്ങള്‍ സ്വാഭാവികമായും പുറത്തുപോവുമെന്നാണ് ബ്രിട്ടിഷ് സര്‍ക്കാരിന്റെ നിലപാട്.

യൂറോപ്യന്‍ യൂനിയനിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ സിംഗിള്‍ മാര്‍ക്കറ്റ് സംവിധാനത്തില്‍ സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ നികുതി ഈടാക്കില്ല. 1990ല്‍ രൂപപ്പെടുത്തിയ ഈ കരാറില്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള നോര്‍വേ, ഐസ്ലന്‍ഡ്, ലിറ്റന്‍സ്റ്റെയ്ന്‍ എന്നീ രാജ്യങ്ങളുമുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: