വര്‍ധാ ചുഴലിക്കാറ്റ് ചെന്നൈയിലേക്ക്; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

ചെന്നൈ: ചെന്നൈ തീരം ലക്ഷ്യമാക്കി വര്‍ധാ ചുഴലിക്കാറ്റ് സമീപിക്കുന്നതിനെ തുടര്‍ന്ന് കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ സമീപിക്കുന്ന ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കാറ്റ് 220 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ചെന്നൈയുടെ കിഴക്കന്‍ മേഖലകളില്‍ ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കാറ്റിന് മുന്നോടിയായി ഞായറാഴ്ച രാത്രിയില്‍ കനത്ത മഴയായിരുന്നു. കാറ്റിനെ തുടര്‍ന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ക്കെല്ലാം തമിഴ്‌നാട് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈ നിവാസികളോട് വീടിനുള്ളില്‍ തന്നെ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളുര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്.

ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. കൂടാതെ സബര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റ് രണ്ട് മണിക്കും അഞ്ച്മണിക്കുമിടയില്‍ കരയിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന.

മറീനാബീച്ചില്‍ വിനോദ സഞ്ചാരികളെയെല്ലാം ഒഴിപ്പിച്ചിരിക്കുകയാണ്. കടലോര മേഖലയില്‍ മത്സ്യബന്ധന തൊഴിലാളികളെയും മാറ്റിയിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ പത്തു കിലോമീറ്റര്‍ വേഗതയില്‍ വരുന്ന കാറ്റ് തീരത്ത് എത്തുമ്പോള്‍ 90 കിലോമീറ്റര്‍ മുതല്‍ 100 കിലോ മീറ്റര്‍ വരെ വേഗം കൈവരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചനകള്‍. നേരത്തെ വെള്ളപ്പൊക്കം ഉണ്ടായ സാഹചര്യത്തില്‍ പുതിയ പ്രതിസന്ധിയെ നേരിടാന്‍ വലിയ കരുതല്‍ നടപടിയാണ് തമിഴ്‌നാട് ഭരണകൂടം എടുത്തിരിക്കുന്നത്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: