ടാറ്റാ ഗ്രൂപ്പിന്റെ എല്ലാ കമ്പനികളില്‍ നിന്നും സൈറസ് മിസ്ത്രി രാജിവെച്ചു.

മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ ടാറ്റാ ഗ്രൂപ്പിന്റെ എല്ലാ കമ്പനികളില്‍ നിന്നും സൈറസ് മിസ്ത്രി രാജി വച്ചു. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള അവകാശ തര്‍ക്കം തുടരുന്നതിനിടെ അപ്രതീക്ഷിതമായാണ് മിസ്ത്രി രാജി വച്ചത്. എന്നാല്‍ കമ്പനിക്കെതിരെയുള്ള നിയമ പോരാട്ടം തുടരുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു. ടാറ്റാ മോട്ടോര്‍സും ഇന്ത്യന്‍ ഹോട്ടല്‍സും അടക്കമുള്ള ആറ് കമ്പനികളിലെ പദവികളില്‍ നിന്നുമാണ് അദ്ദേഹം രാജിവെച്ചത്.

ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഒക്ടോബറിലാണ് സൈറസ് മിസ്ട്രിയെ നീക്കിയത്. പിന്നീട് ഡയറക്ടര്‍ സ്ഥാനത്ത് തുടര്‍ന്ന സൈറസിനെ ആ പദവിയില്‍ നിന്നും പുറത്താക്കി. സൈറസ് മിസ്ട്രി ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നത് കമ്പനികളില്‍ പിളര്‍പ്പ് ഉണ്ടാക്കുമെന്നും, അതിനാല്‍ സൈറസിനെ പുറത്താക്കണമെന്നും ഇടക്കാല ചെയര്‍മാനായ രത്തന്‍ ടാറ്റ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കാര്യക്ഷമതയെ ചൊല്ലി സൈറസ് മിസ്ട്രിയും, രത്തന്‍ ടാറ്റയുടെ നേത്യത്വത്തിലുളള ഔദ്യോഗിക വിഭാഗവും പരസ്പരം കുറ്റപ്പെടുത്തി രംഗത്തുവന്നിരുന്നു. ഇത് ഓഹരി വിപണിയിലും പ്രതിഫലിച്ചു.

ഇതിനിടയില്‍ സൈറസ് മിസ്ട്രിയുടെ പിതാവ് പല്ലോന്‍ജി മിസ്ട്രിയുടെ കുടുംബബിസിനസ്സായ ഷപ്പൂര്‍ജി പല്ലോന്‍ജിയെ ടാറ്റാ സണ്‍സില്‍ നിന്നും ഒഴിവാക്കാന്‍ ടാറ്റാ സണ്‍സ് നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായി. ഇതിന്റെ സമ്മര്‍ദഫലമെന്നോണം ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുളള പല സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ട്രി സ്വമേധയാ ഒഴിയുമെന്ന് മറുവിഭാഗം കരുതിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയത്. ടാറ്റാ സാമ്രാജ്യത്തിന്റെ തലപ്പത്ത് നാല് വര്‍ഷം മുമ്പാണ് ടാറ്റാ കുടുംബത്തിന് പുറത്തുള്ള സൈറസ് മിസ്ത്രി ചുമതലയേറ്റത്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: