തുര്‍ക്കി – റഷ്യ ബന്ധം വഷളാക്കി റഷ്യന്‍ അംബാസിഡറുടെ കൊലപാതകം

തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ ഒരു ഫോട്ടോ ഗാലറി സന്ദര്‍ശിക്കുന്നതിനെ റഷ്യന്‍ അംബാസിഡര്‍ വെടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാന്‍ സാധ്യതയുണ്ടെന്ന് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ അംബാസിഡര്‍ ആന്‍ഡ്രി കാര്‍ലോവാണ് വെടിയേറ്റ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാര്‍ലോവിന്റ മരണവാര്‍ത്ത റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്.

അടുത്ത ചില നാളുകളായി തുര്‍ക്കി-റഷ്യ ബന്ധത്തില്‍ വിള്ളലുകള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് റഷ്യന്‍ വിമാനം തുര്‍ക്കി വ്യോമ സേന വെടിവച്ചിട്ടത്. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ തങ്ങളുടെ വിമാനം തുര്‍ക്കി അതിര്‍ത്തി കടന്നിട്ടില്ലെന്നും ഭീകരതയെ സഹായിക്കുന്ന നിലപാടാണ് പ്രകോപന നടപടിയിലൂടെ തുര്‍ക്കി സ്വീകരിച്ചിരിക്കുന്നതെന്നും റഷ്യ കുറ്റപ്പെടുത്തി.

തൊട്ടുപിന്നാലെ തുര്‍ക്കിയില്‍ നിന്നുള്ള ചില വസ്തുക്കള്‍ക്ക് റഷ്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. തുര്‍ക്കിയില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുന്നതാണ് റഷ്യ ആദ്യം നിരോധിച്ചത്. വിസയില്ലാതെ ഇരുരാജ്യങ്ങളിലേക്ക് പോവാനുള്ള സാഹചര്യവും മരവിപ്പിച്ചു. തുര്‍ക്കിയിലെ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്രകള്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റഷ്യന്‍ ട്രാവല്‍ എജന്‍സികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

തുര്‍ക്കി സൈന്യം സിറിയയില്‍ മുന്നേറ്റം നടത്തുന്നതിനെതിരേ കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ റഷ്യ രംഗത്തെത്തിയിരുന്നു. ക്രൂരമായ നടപടികളാണ് തുര്‍ക്കി സിറിയയില്‍ സ്വീകരിക്കുന്നതെന്നായിരുന്നു റഷ്യയുടെ ആരോപണം. റഷ്യന്‍ നിലപാടിനെ തുര്‍ക്കി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇങ്ങനെ വാഗ്വാദങ്ങള്‍ തുടരവെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വടക്കന്‍ സിറിയയിലെ കുര്‍ദ് മേഖലയില്‍ തുര്‍ക്കി കഴിഞ്ഞ ഫെബ്രുവരിയില്‍ ആക്രമണം നടത്തിയത്. ഇതിന് മറുപടിയായി ആലപ്പോയിലെ വിമതര്‍ക്കു തുര്‍ക്കി ആയുധങ്ങളും മറ്റും നല്‍കുന്ന വിതരണ ശൃംഖല റഷ്യ തകര്‍ത്തു.

തുര്‍ക്കിയിലെ കുര്‍ദുകള്‍ക്ക് റഷ്യ സഹായം നല്‍കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. തുര്‍ക്കിയില്‍ കുര്‍ദ് വിഭാഗം ഇടക്കിടെ ആക്രമണം നടത്തുന്നത് റഷ്യന്‍ സഹായത്തോടെയാണെന്നു തുര്‍ക്കി കരുതുന്നു. ഇങ്ങനെ സംഘര്‍ഷഭരിതമായ ബന്ധം തുടരവെയാണ് റഷ്യന്‍ അംബാസഡര്‍ വെടിയേറ്റ് മരിക്കുന്നത്. സിറിയന്‍ പ്രസിഡന്റ് ഉടന്‍ രാജിവയ്ക്കണമെന്നാണ് തുര്‍ക്കിയുടെ നിലപാട്. എന്നാല്‍ സിറിയന്‍ പ്രസിഡന്റിനെ അനുകൂലിക്കുകയാണ് റഷ്യ ചെയ്യുന്നത്.

സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയിലും തുര്‍ക്കിയില്‍ കഴിഞ്ഞ ജൂലൈയില്‍ പട്ടാള അട്ടിമറി ശ്രമമുണ്ടായപ്പോള്‍ റഷ്യ എര്‍ദോഗാനെ പിന്തുണച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് കരുതിയിരുന്ന ഘട്ടത്താണ് പുതിയ കൊലപാതകം. ഇത്തരത്തിലുള്ള വെടിവയ്പ്പുകള്‍ ലോകയുദ്ധങ്ങള്‍ക്ക് കാരണമായതാണ് അംബസഡറുടെ കൊലപാതകം മൂന്നാം ലോക യുദ്ധത്തിലേക്ക് നയിക്കുമോയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആശങ്ക പ്രകടിപ്പിക്കാന്‍ കാരണം.

https://youtu.be/T9xH44iUDNw

 
എ എം

 

Share this news

Leave a Reply

%d bloggers like this: