അയര്‍ലണ്ടില്‍ പക്ഷിപ്പനി സ്ഥിതീകരിച്ചു; H5N8 വൈറസ് കണ്ടെത്തിയത് വെക്സ്ഫോര്‍ഡില്‍

കഴിഞ്ഞ ആഴ്ച ബ്രിട്ടനില്‍ സ്ഥിതീകരിച്ച പക്ഷിപ്പനി അയര്‍ലന്റിലും എത്തി. വെക്‌സ് ഫോര്‍ഡ് കൗണ്ടിയിലെ ഒരു കാട്ടുതാറാവിലാണ് രോഗം കണ്ടെത്തിയതെന്ന് നിരീക്ഷകര്‍ അറിയിച്ചു. പക്ഷിപ്പനി വൈറസിലെ ഏറ്റവും വീര്യം കുറഞ്ഞ ഇനമാണ് അയര്‍ലണ്ടില്‍ സ്ഥിതീകരിച്ചിരിക്കുന്നതെന്നും ആരോഗ്യസംഘം പറഞ്ഞു.

പക്ഷിപ്പനിക്ക് കാരണമാവുന്ന വൈറസ് രോഗാണുക്കളുടെ പ്രോട്ടില്‍ എന്‍സൈമുകള്‍ മറ്റ് ജീവ കോശങ്ങളില്‍ കടന്നുകയറിയാണ് കുഴപ്പങ്ങളുണ്ടാക്കുന്നത്. ഹീംഅഗ്ലൂട്ടിനിന്‍(H), ന്യൂറാമിനിഡേസ് (N) എന്നീ വൈറസുകളുടെ കോമ്പിനേഷനുകളില്‍ വ്യത്യാസം വരുമ്പോള്‍ അവ വിവിധ പക്ഷിപ്പനികള്‍ക്ക് കാരണമാവും. അവ H1N1, H1N2, H3N2, H5N1 എന്നിങ്ങനെ H12 വരെയുള്ള പേരുകളിലാണ് അറിയപ്പെടുന്നത്. ഇതില്‍ ആദ്യം പറഞ്ഞവയും പിന്നെ H9N2-ഉം, H7N7-ഉം അപകടകാരികളാണ്. നിലവില്‍ അയര്‍ലന്റിലെ താറാവുകളില്‍ സ്ഥിരീകരിച്ച പക്ഷിപ്പനി H5N8 ആണ്. മറ്റുളവയെ ആപേക്ഷിച്ച് ഇത് താരതമ്യേന അപകടകാരിയല്ല. പക്ഷെ കരുതല്‍ എടുക്കുന്നത് നല്ലതാണ്.

ഈ വൈറസ് രോഗം ബാധിച്ചാല്‍ താറാവുകള്‍ക്ക് ചികിത്സയോ മരുന്നുകളോ ഇല്ല. ഇതിന് ചെയ്യാന്‍ സാധിക്കുന്നത് വാക്സിനേഷന്‍ ചെയ്യുക എന്നതാണ്. എന്നാല്‍ വാക്സിനേഷന്‍ വൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിച്ചാല്‍ പക്ഷികള്‍ക്ക് അസുഖം സംഭവിക്കാം. പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ ഉടനെ തന്നെ ആ പക്ഷിയെ കൃത്യമായ നടപടികളിലൂടെ നശിപ്പിക്കുക, മുട്ടകളും നശിപ്പിക്കുകയെന്നതാണ് ഏറ്റവും നല്ല പോംവഴി. അല്ലെങ്കില്‍ മണിക്കൂറുകള്‍ക്ക് അകം വളരെ വേഗതയില്‍ മറ്റ് പക്ഷികളിലേക്കും രോഗം പകരും

എല്ലാ പക്ഷികളെയും ബാധിക്കുന്ന ഈ രോഗം ഉണ്ടാക്കുന്നത് ഇന്‍ഫ്‌ളുവന്‍സ വൈറസ് ടൈപ് എ യാണ്. ഇതില്‍ മാരകശേഷിയുള്ളതാണ് H5N1 എന്നയിനം. ടര്‍ക്കി കോഴികളിലും സാധാരണ കോഴികളിലുമാണ് ഈ വൈറസ് വളരെ പെട്ടെന്ന് മരണകാരണമാകുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ടു മുതല്‍ അഞ്ചു ദിവസത്തിനകം രോഗലക്ഷണം കാണിച്ചുതുടങ്ങുന്നതോടെ ഇവ ചത്തൊടുങ്ങുന്നു.

2003ല്‍ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ആരംഭിച്ച പക്ഷിപ്പനി തുടര്‍ന്ന് ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക്കും യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. മനുഷ്യരില്‍ മരണമുണ്ടാക്കുന്നതിനു പുറമെ കോഴികളുടെയും മറ്റു പക്ഷികളുടെയും ജീവനാശവും അനുബന്ധ വ്യവസായങ്ങളുടെ തകര്‍ച്ചയും വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. രോഗത്തെപ്പറ്റി മനസിലാക്കുന്നത് ആവശ്യമായ മുന്‍കരുതലുകളെടുക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും സഹായകമാവും.

രാജ്യത്തെ കര്‍ഷകരോട് തങ്ങളുടെ കോഴികളെ തുറസായ സ്ഥലങ്ങളില്‍ തുറന്നുവിടരുതെന്നും പക്ഷിപ്പനി പടരുവാന്‍ ഇടയാക്കുമെന്നും അറിയിക്കുന്നു, ഇത് തടയാനായി അടച്ചുപൂട്ടിയ സ്ഥലങ്ങളില്‍ കോഴികളെയും മറ്റും വളര്‍ണമെന്നും, മേല്‍ക്കൂരയുള്ള അടച്ചു പൂട്ടിയ സ്ഥലങ്ങളില്‍ തന്നെ അവയ്ക്ക് തീറ്റ നല്‍കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

വളര്‍ത്തുപക്ഷികളെ പരിപാലിക്കുന്നവര്‍ പുതുതായി പക്ഷികളെ വാങ്ങുന്നത് ഒഴിവാക്കുകയും കൈവശമുള്ളതിനെ പുറത്തുള്ള പക്ഷികളുമായി ബന്ധപ്പെടുന്നത് തടഞ്ഞ് കൂട്ടില്‍ തന്നെ സൂക്ഷിക്കുകയും ചെയ്യണം. വിവിധയിനം പക്ഷികളെ ഒരുമിച്ച് വളര്‍ത്തരുത്. പക്ഷിവളര്‍ത്തു കേന്ദ്രങ്ങളില്‍ സന്ദര്‍ശകരെയും വാഹനങ്ങളെയും കര്‍ശനമായി നിയന്ത്രിക്കേണ്ടതാണ്. പാദരക്ഷകളും വാഹനങ്ങളുടെ ടയറുകളും അണുനശീകരണം നടത്തുകയും വേണം.

മാംസവും മുട്ടയും നന്നായി പാകം ചെയ്ത് ഉപയോഗിക്കുന്നതിലൂടെ ഒരു കാരണവശാലും പക്ഷിപ്പനി പകരില്ല. 70 ഡിഗ്രി സെന്റിഗ്രേഡില്‍ ഒരു സെക്കന്‍ഡ് ചൂടായാല്‍ തന്നെ വൈറസുകള്‍ പൂര്‍ണമായും നശിക്കും. മുട്ടയുടെ ഉള്‍വശം കട്ടിയാവുന്നത് വരെയും മാംസത്തിന്റെ ചുവപ്പുനിറം മാറുന്നതുവരെയും വേവിച്ചാല്‍ ഇത് സാധ്യമാകും. പക്ഷിപ്പനിയുടേതടക്കം രോഗാണുക്കളില്‍ നിന്ന് രക്ഷനേടാന്‍ മാംസം മുറിക്കാനും വൃത്തിയാക്കാനും ഉപയോഗിക്കുന്ന കട്ടിങ്ങ് ബോര്‍ഡ്, കത്തി, പാത്രങ്ങള്‍ എന്നിവ ചൂടുവെള്ളത്തില്‍ കഴുകിയതിനു ശേഷം മാത്രമേ പഴങ്ങളും സലാഡുകളും മറ്റും മുറിക്കാന്‍ ഉപയോഗിക്കാവൂ. കൂടാതെ മാംസവും മുട്ടയും കൈകാര്യം ചെയ്തു കഴിഞ്ഞാല്‍ സോപ്പുപയോഗിച്ച് നന്നായി കൈ കഴുകേണ്ടതാണ്.

വെക്‌സ്‌ഫോര്‍ഡില്‍ കണ്ടെത്തിയ വൈറസിനെപ്പറ്റിയുള്ള കൂടുതല്‍ പരിശോധന ഫലങ്ങള്‍ അടുത്ത ആഴ്ചയെ ലഭ്യമാവുകയുള്ളു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: