രജനീകാന്ത് രാഷ്ടീയത്തിലേക്ക്? എതിര്‍പ്പുമായി ശരത് കുമാര്‍

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തമിഴകത്ത് സജീവമാകുന്നു. പ്രമുഖമായ രണ്ട് ദ്രാവിഡ പാര്‍ട്ടികളുടെയും തലപ്പത് പതിറ്റാണ്ടുകളായി നിറഞ്ഞുനിന്ന നേതാക്കള്‍ മാറുന്നതോടെ തമിഴക രാഷ്ട്രീയം വലിയ കലങ്ങിമറിയലിനാണ് വേദിയാകുന്നത്. ജയലളിതയുടെ മരണത്തോടെ എ ഐ ഡിഎംകെ നേതൃത്വത്തിലേക്കെത്തിയ ശശികലയ്ക്ക് ജനങ്ങളുടെ അംഗീകാരം എത്രത്തോളം നേടാനാകുമെന്ന് പറയാനാകില്ല. ഡിഎംകെ യുടെ നേതൃത്വത്തില്‍ നിന്നും എം കെ കരുണാനിധി ഏറക്കുറെ ഒഴിഞ്ഞുകഴിഞ്ഞു. മകന്‍ എം കെ സ്റ്റാലിനാണ് ഇന്ന് പാര്‍ട്ടിയെ നയിക്കുന്നത്. ഈ സാഹചര്യത്തില്‍ രജനീകാന്ത് നടത്തിയ ഒരു പ്രസ്താവനയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനുള്ള സാധ്യതയായി ചര്‍ച്ച ചെയ്യപ്പെടുന്നത്.

തുഗ്ലക്ക് മാസികയുടെ പത്രാധിപരായിരുന്ന അന്തരിച്ച ചോ രാമസ്വാമിയുടെ അനുസ്മരണത്തിനിടെ രജനിയുടെ രാഷ്ട്രീയ പ്രവേശനം സംഭവിക്കണമെന്ന് തുഗ്ലക്കിന്റെ നിലവിലെ പത്രാധിപര്‍ ആവശ്യപ്പെട്ടു. തമിഴകത്ത് സിനിമയും രാഷ്ട്രീയവും വേറിട്ടതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു വ്യക്തമായ മറുപടി പറയാതിരുന്ന രജനി തമിഴകത്ത് അസാധാരണമായ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നതായും ഈ ഘട്ടത്തില്‍ ചോ രാമസ്വാമിയുടെ അസാന്നിധ്യം വേദനയുണ്ടാക്കുന്നുവെന്നുമാണ് പറഞ്ഞത്.

എന്നാല്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ ആദ്യം എതിര്‍ക്കുന്നയാള്‍ താനായിരിക്കുമെന്ന് അറിയിച്ച്‌ നടന്‍ ശരത്കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. സമത്വ മക്കള്‍ കക്ഷി എന്ന പാര്‍ട്ടിയുടെ നേതാവ് കൂടിയാണ് ശരത് കുമാര്‍.
എ എം

 

Share this news

Leave a Reply

%d bloggers like this: